varsha

അമ്മയുടെ ശസ്‌ത്രക്രിയയ്‌ക്കായി സമൂഹമാദ്ധ്യമങ്ങളിലൂടെ പണം സ്വരൂപിക്കാൻ സഹായിച്ചവർ തന്നെ പണത്തിനായി ഭീഷണിപ്പെടുത്തുന്നതായി വെളിപ്പെടുത്തി വർഷ. അമ്മയുടെ ജീവൻ രക്ഷിക്കാൻ പണം ചോദിച്ച വർഷയ്ക്ക് 50 ലക്ഷത്തിന് മുകളിൽ സഹായമായി ലഭിച്ചിരുന്നതായാണ് വിവരം.

വർ‌ഷയ്ക്ക് സഹായമായി ലഭിച്ച പണത്തിന്റെ കാര്യത്തിൽ സഹായം നൽകിയവ‌ർ ഇപ്പോൾ അതുംപറ‌ഞ്ഞ് ഭീഷണിപ്പെടുത്തുകയാണ്. ഫോണിൽ വിളിച്ച് ഒട്ടേറെ പേർ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ജീവനോടെ മടങ്ങിപോകാൻ കഴിയുന്ന കാര്യം ഉറപ്പില്ലെന്നും പൊട്ടിക്കരഞ്ഞു കൊണ്ട് വർഷ ഫേസ്ബുക്ക് ലെെവിലൂടെ പറയുന്നു.

സാജൻ കേച്ചേരി എന്ന വ്യക്തിയെ പേരെടുത്ത് പറയുന്നുണ്ട്. സോഷ്യൽ മീഡിയ വഴി ചാരിറ്റി നടത്തുന്നയാളാണ് സാജൻ. അമ്മയുടെ ചികിൽസയ്ക്കായി ലഭിച്ച പണത്തിൽ നിന്നും അവർ ആവശ്യപ്പെടുന്നവർക്ക് പണം നൽകണം എന്നാണ് ആവശ്യം. ഇനിയും മൂന്നുമാസത്തോളം കൊച്ചിയിൽ തന്നെ തുടരേണ്ട അവസ്ഥയിലാണ് വർഷ.

അമ്മയുടെ ആദ്യ ചെക്കപ്പ് പോലും കഴിഞ്ഞിട്ടില്ല. അതു കഴിഞ്ഞ് ബാക്കി വരുന്ന പണം നൽകാമെന്ന് പറഞ്ഞിട്ടും ഇവർ സമ്മതിക്കുന്നില്ലെന്ന് വർഷ പറയുന്നു. ഇതേ ആശുപത്രിയിൽ തന്നെ അപകടനിലയിലായിരുന്ന ഗോപിക എന്ന കുട്ടിയുടെ ചികിൽസയ്ക്ക് ആവശ്യമായ പണം, തനിക്ക് ലഭിച്ച പണത്തിൽ നിന്നും വർഷ നൽകിയിരുന്നു. ആ കുട്ടി ഇപ്പോൾ സുഖം പ്രാപിച്ചുവരുന്നെന്നും വർഷ പറയുന്നു.