ബംഗളൂരു: ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന്റെ മനുഷ്യരിലെ പരീക്ഷണം തുടങ്ങി. ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സൈഡസാണ് വാക്സിൻ നിർമ്മിക്കുന്നത്. നേരത്തേ പന്നികളിലും മറ്റും നടത്തിയ പരീക്ഷണങ്ങൾ വിജയകരമായിരുന്നു. തുടർന്നാണ് മനുഷ്യരിൽ പരീക്ഷിക്കാൻ അനുമതി നൽകിയത്. ആയിരത്തോളം സന്നദ്ധപ്രവർത്തകരിലാണ് മരുന്ന് പരീക്ഷിക്കുന്നതെന്നാണ് റിപ്പോർട്ട്. മൂന്നുമാസത്തിനുളളിൽ പരീക്ഷണം പൂർത്തിയാകുമെന്നാണ് കരുതുന്നത്. മാർച്ച് ആദ്യമാണ് വാക്‌സിൻ നിർമ്മാണത്തിന് തുടക്കംകുറിച്ചത്.
നേരത്തേ കൊവിഡിനെതിരെ റഷ്യ വികസിപ്പിച്ചെടുത്ത വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണങ്ങൾ വിജയകരമായിരുന്നു. ഇവരും രണ്ടാം ഘട്ട പരീക്ഷണത്തിലാണ്. ചൈനയിലും അമേരിക്കയിലും വാക്‌സിൻ വികസിപ്പിക്കലും ഇതുസംബന്ധിച്ച പഠന പരീക്ഷണങ്ങളും വളരെ വേഗത്തിൽ നടക്കുകയാണ്. ഈ വർഷം തന്നെ കൊവിഡ് വാക്‌സിൻ വിപണിയിലെത്തുമെന്നാണ് കരുതുന്നത്.