തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ശിവശങ്കർ കസ്റ്റംസിന് നൽകിയ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. കേസിലെ പ്രതിയായ സ്വപ്ന സുരേഷമായുള്ളത് അടുത്ത സൗഹൃദം മാത്രമാണെന്ന് ശിവശങ്കർ മൊഴി നൽകി. സ്വപ്ന വഴിയാണ് സരിത്തിനെ പരിചയപ്പെട്ടതെന്നും ചില പരിപാടികളുടെ സംഘാടനത്തിലും സരിത്ത് സഹകരിച്ചിട്ടുണ്ടെന്നും ശിവശങ്കർ വെളിപ്പെടുത്തി.
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഒരു കാര്യത്തിലും താൻ ഇടപെട്ടിട്ടില്ല. സന്ദീപ് നായരുമായി പരിചയമില്ലെന്നും ശിവശങ്കറിന്റെ മൊഴിയിൽ പറയുന്നു. പ്രതികൾക്ക് മറ്റ് ബിസിനസുകൾ ഉണ്ടെന്ന് അറിഞ്ഞിരുന്നില്ലെന്നും ശിവശങ്കർ പറയുന്നുണ്ട്. അതേസമയം ശിവശങ്കറിന്റെ മൊഴിയുടെ വിശദാംശങ്ങൾ കസ്റ്റംസ് പരിശോധിക്കുകയാണ്.
ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസിലെ ഒന്നാം പ്രതിയായ സരിത്തിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യുകയാണ്. കസ്റ്റംസ് കമ്മീഷണറാണ് സരിത്തിനെ ചോദ്യം ചെയ്യുന്നത്. കേസുമായി ബന്ധപ്പെട്ട് സന്ദീപിന്റെ സഹോദരൻ സ്വരൂപിനെ എൻ.ഐ.എ ചോദ്യം ചെയ്യുമെന്നാണ് വിവരം. ഇതിനായി സ്വരൂപിനെ കൊച്ചിയിലെ എൻ.ഐ.എ ഓഫീസിലേക്കെത്തിക്കും.
സ്വർണക്കടത്ത് കേസിൽ ഇന്നലെ പത്ത് മണിക്കൂറോളമാണ് എം.ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ പുലർച്ചെ രണ്ടരയോടെയാണ് ശിവശങ്കറിനെ വിട്ടയച്ചത്. പ്രാഥമിക മൊഴി രേഖപ്പെടുത്തലാണ് ഇന്നലെ നടന്നതെന്നും മൊഴിയിലെ വിശദാംശങ്ങൾ പരിശോധിക്കുന്നുവെന്നും കസ്റ്റംസ് അറിയിച്ചു. വരും ദിവസങ്ങളിലും ചോദ്യം ചെയ്യൽ അടക്കമുള്ള നടപടികൾക്ക് സാദ്ധ്യതയുണ്ട്.
അതേസമയം തിരുവനന്തപുരം കള്ളക്കടത്ത് കേസിലെ പ്രതികൾക്ക് സെക്രട്ടേറിയറ്റിന് എതിർവശത്തെ ഫ്‌ളാറ്റ് സമുച്ചയത്തിൽ ഫ്‌ളാറ്റ് ബുക്ക് ചെയ്തത് സെക്രട്ടേറിയറ്റിലെ അരുൺ എന്ന ജീവനക്കാരനാണെന്നാണ് പുറത്തുവരുന്ന വിവരം. ഫ്‌ളാറ്റ് ബുക്ക് ചെയ്യുന്നതിന് ആദ്യമായി ഫോൺ വിളിച്ചത് അരുൺ എന്നയാൾ ആണ്. ഇയാൾ സ്വയം പരിചയപ്പെടുത്തിയത് ഐ.ടി. വകുപ്പിൽ എം. ശിവശങ്കറിന്റെ അസോസിയേറ്റായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥൻ ആണെന്നാണ്. അങ്ങനെയൊരു ഉദ്യോഗസ്ഥൻ ഐ.ടി വകുപ്പിന് കീഴിലുണ്ടോ എന്നിവയടക്കമുള്ള കാര്യങ്ങൾ അന്വേഷണസംഘം തിരയുകയാണ്.
അരുൺ ബുക്ക് ചെയ്ത ഫ്‌ളാറ്റിലേക്ക് ആദ്യം വരുന്നത് സ്വപ്‌നയുടെ ഭർത്താവ് ജയശങ്കർ ആണ്. മെയ് ആദ്യവാരത്തിനു ശേഷം നിരവധി തവണ ജയശങ്കർ ഇവിടെ താമസിച്ചിട്ടുണ്ട്. ഫ്ളാറ്റിലെ മുറികളിൽ പ്രതിദിന വാടകയ്ക്ക് ജയശങ്കർ പലപ്പോഴായി താമസിച്ചു. ജയശങ്കർ ഇവിടെ നൽകിയിരുന്ന തിരിച്ചറിയൽ കാർഡും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. കള്ളക്കടത്ത് സംഘത്തിന്റെ ചർച്ചകളിൽ ജയശങ്കറും പങ്കാളിയായിട്ടുണ്ടെന്നാണ് സൂചന.