sachin-pilot

ന്യൂഡൽഹി: താന്‍ ഇപ്പോഴും ഒരു കോണ്‍ഗ്രസ് നേതാവ് തന്നെയാണെന്നും ബി.ജെ.പിയില്‍ ചേരില്ലെന്നും വ്യക്തമാക്കി രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പെെലറ്റ്. ബി ജെ പിയിൽ ചേരുകയാണെന്നും പറ‌ഞ്ഞ് പ്രചരണം നടത്തുന്നവ‌‌ർ തന്നെ ഗാന്ധി കുടുംബത്തിന് മുന്നില്‍ അപമാനിക്കുകയാണെന്നും അദ്ദേഹം പറ‌ഞ്ഞു.

"ഞാൻ ബി ജെ പിയിൽ ചേരില്ല. എന്നെ ബി ജെ പിയുമായി ബന്ധപ്പെടുത്തുന്നത് ദുഷ്പ്രചാരണമാണ്. ബി ജെ പിയില്‍ ചേരാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഇത്തരത്തില്‍ പറഞ്ഞു പരത്തുന്നവര്‍ എന്നെ ഗാന്ധി കുടുംബത്തിന് മുന്നില്‍ അപമാനിക്കുകയാണ്. ഞാൻ ഇപ്പോഴും കോൺഗ്രസ് പാർട്ടി അംഗമാണ്"- സച്ചിൻ പറഞ്ഞു.

കോണ്‍ഗ്രസില്‍ നിന്നു തെറ്റിപ്പിരിഞ്ഞ സച്ചിനെ കഴിഞ്ഞ ദിവസമാണ് പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തുനിന്നും രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും നീക്കിയത്. സച്ചിന്റെ വിശ്വസ്തരായ രണ്ട് മന്ത്രിമാരേയും നീക്കിയിരുന്നു. സമവായ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് സച്ചിൻ പൈലറ്റിനെതിരെ നടപടിയെടുക്കാൻ കോൺഗ്രസ് കേന്ദ്ര നേതൃത്വം തീരുമാനിച്ചത്.