ലണ്ടൻ: 5ജി നെറ്റ്‌വർക്ക് ശൃംഖല രാജ്യത്ത് സ്ഥാപിക്കാൻ തിരഞ്ഞെടുത്ത ചൈനീസ് ടെലികോം ഭീമനായ 'വാവെയ്' കമ്പനിയെ അമേരിക്കയുടെ നിരന്തരമായ സമ്മർദ്ദത്തെ തുടർന്ന് ഘട്ടംഘട്ടമായി പുറത്താക്കാൻ ബ്രിട്ടീഷ് ഭരണകൂടം തീരുമാനിച്ചു. പ്രധാനമന്ത്രി ബോറിസ് ജോൺസണിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിനും ദേശീയ സുരക്ഷ കൗൺസിലിലുമൊടുവിലാണ് ഈ തീരുമാനമുണ്ടായത്. ശക്തമായ തിരിച്ചടിയുണ്ടാകും എന്ന് ചൈനീസ് ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടും അമേരിക്കയുടെ സമ്മർദ്ദത്തിന് ബ്രിട്ടൺ വഴങ്ങുകയായിരുന്നു. നിലവിലെ ടെലികോം സേവന കമ്പനികൾക്ക് അടുത്തവർഷം മുതൽ വാവെയിൽ നിന്ന് 5ജി സജ്ജീകരണ ഉപകരണങ്ങൾ വാങ്ങാനാകില്ല. 2027ഓടെ നിലവിൽ ഉപയോഗിക്കുന്നവയ്‌ക്കും നിരോധനമാകും.
'ചൈനീസ് കമ്മ്യൂണിസ്‌റ്റ് പാർട്ടിക്ക് വിധേയമായി പ്രവർത്തിക്കുന്ന വാവെയും മറ്റ് ചൈനീസ് കമ്പനികളും വിവിധ രാജ്യങ്ങളിൽ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണ്. ഇതിനെതിരെ ലോകമാകെ രാജ്യങ്ങളിൽ അഭിപ്രായ സമന്വയമുണ്ടായി.' എന്ന് വൈറ്റ് ഹൗസ് ഈ നടപടിയോട് പ്രതികരിച്ചു. എന്നാൽ കഴിഞ്ഞ 20 വർഷത്തോളമായി വാവെയുമായി തുടരുന്ന ബ്രിട്ടന്റെ ബന്ധത്തെ ഇത് വളരെ മോശമായി ബാധിക്കുമെന്ന് ഉറപ്പാണ്. നിരാശപ്പെടുത്തുന്ന തീരുമാനമാണിതെന്ന് ലണ്ടനിലെ ചൈനീസ് അംബാസിഡർ ലിയു സിയോമിങ് അറിയിച്ചു.
ഈ നടപടിയിലൂടെ മറ്റ് രാജ്യങ്ങൾക്ക് യു.കെയിൽ വ്യാപാരം ചെയ്യാൻ നല്ല അന്തരീക്ഷമുണ്ടോ എന്നത് ചോദ്യം ചെയ്യപ്പെടുകയാണെന്നും ലിയു സമൂഹമാദ്ധ്യമങ്ങളിലൂടെ പറഞ്ഞു. മുൻപ് ജനുവരിയിൽ 5ജി നെറ്റ്‌വർക്ക് ശൃംഖല സ്ഥാപിക്കാൻ വാവെയെ തിരഞ്ഞെടുത്തതിലൂടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും സ്വന്തം പാർട്ടി അംഗങ്ങളുടെയും അപ്രീതിക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പാത്രമായിരുന്നു. ചൈന ആവശ്യപ്പെട്ടാൽ 5ജി സേവനം നൽകുന്ന രാജ്യങ്ങളിൽ വാവെയ് സേവനം നിർത്തും എന്ന് ട്രംപ് ബ്രിട്ടന് മുന്നറിയിപ്പും നൽകിയിരുന്നു. എന്നാൽ രണ്ട് പതിറ്റാണ്ടായി 3ജി 4ജി സേവനം ബ്രിട്ടന് നൽകുന്നത് ചൂണ്ടിക്കാട്ടി കമ്പനി ഈ വാദം തളളി കളഞ്ഞിരുന്നു. 5ജി നെറ്റ്‌വർക്കിൽ നിരോധനം വന്നെങ്കിലും വാവേയുടെ 3ജി, 4ജി സേവനങ്ങൾക്ക് യു.കെയിൽ നിരോധനമൊന്നും വന്നിട്ടില്ല. വാവെയെ പുറത്താക്കാൻ ഹോംങ്‌കോംഗിലെയും, ത്‌സിൻ ജിയാംഗ് പ്രവിശ്യയിലെ മുസ്ളിങ്ങൾക്കെതിരെയുളള ചൈനയുടെ നടപടികൾ ചൂണ്ടിക്കാട്ടി ബോറിസ് ജോൺസണ് വലിയ സമ്മർദ്ദം തന്നെ ഉണ്ടായിരുന്നു. ബ്രിട്ടീഷ് ടെലികോം കമ്പനികളും ഇതിനായി രംഗത്തുണ്ടായിരുന്നു.ഇതോടെ 5ജി നെറ്റ്‌വർക്കിനായി രാജ്യത്തിന് ഇനിയും വർഷങ്ങൾ കാത്തിരിക്കേണ്ടി വരും.
നടപടിക്ക് ശേഷം വിശ്വാസയോഗ്യവും വിലക്കുറവുളളതുമായ 5ജി കമ്പനികൾ രാജ്യത്ത് കൊണ്ടുവരാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സഹായം ബോറിസ് ജോൺസൺ തേടി. 5ജി നെറ്റ്‌വർക്കുളള മറ്റ് രാജ്യങ്ങളുടെ സേവനവും ബ്രിട്ടൺ ആവശ്യപ്പെട്ടു. ദക്ഷിണ കൊറിയയുടെ സാംസങ്, ജപാനിലെ എൻഇസി, ഫിൻലന്റിലെ നോക്കിയ, സ്വീഡന്റെ എറിക്‌സൺ എന്നിവയോടാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി സേവന സഹായം തേടിയത്.