chennithala

തിരുവനന്തപുരം:രാജ്യദ്രോഹം ചെയ്തവരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി.മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ വിമർശനമാണ് വാർത്താ സമ്മേളനത്തി​ൽ അദ്ദേഹം നടത്തിയത്.

" നാലുവർഷം മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ശിവശങ്കർ ക‌ള‌‌ളക്കടത്തുകാരെ സഹായിച്ചു. വിവാദ സ്ത്രീയുമായി ബന്ധമുണ്ടെന്ന് വ്യക്തമായതിനാൽ ശിവശങ്കറെ മാറ്റിനിറുത്തുകയാണെന്നും തെളിവുകിട്ടിയാൽ സസ്പെൻഡുചെയ്യുമെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. അദ്ദേഹം പ്രതികളുമായി ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചിട്ടുണ്ട്. ശിവശങ്കറിനെ സസ്പെൻഡുചെയ്യാൻ ഇപ്പോൾ ലഭിച്ചതിൽ കൂടുതൽ എന്തു തെളിവാണ് വേണ്ടത്? എട്ട് മണിക്കൂറോളം മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ ചോദ്യം ചെയ്തപ്പോൾ അങ്ങേക്ക് ഒരു ഉളുപ്പും തോന്നിയില്ലേ? പ്രതികളുമായി ശിവശങ്കറിന് നീണ്ട നാളത്തെ ബന്ധമുണ്ട്. പ്രതികൾക്കുവേണ്ടി ഫ്ളാറ്റ് ബുക്കുചെയ്തത് ഐ ടി വകുപ്പിലെ ഒരു ഫെലോയാണ്.
മന്ത്രി കെ.ടി ജലീലിന്റെ ഫോൺകോൾ രേഖകൾ പുറത്തുവന്നു. ഇതിനെക്കുറിച്ച് അന്വേഷിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി ജലീലിനും ക്ലീൻ ചീറ്റ് കൊടുത്തു.മന്ത്രി കെ.ടി ജലീലിന്റെ ജോലി കിറ്റുവാങ്ങലാണ്. കിറ്റുവാങ്ങാൻ വേണ്ടി ഒരു മന്ത്രിയുടെ ആവശ്യമുണ്ടോ?"- ചെന്നിത്തല ചോദിച്ചു.

കേരളത്തിലെ സ്വർണക്കടത്ത് ദേശീയ ചാനലുകൾ മുഴുവൻ ഇപ്പോൾ ചർച്ച ചെയ്യുകയാണെന്നും ഇത് സംസ്ഥാനത്തിന് ആകെ നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു. "കേസിന്റെ ദുരുഹത ഒാരോദിവസം കഴിയുന്തോറും കൂടുകയാണ് . പത്രസമ്മേളനങ്ങളിലൂടെ മുഖ്യമന്ത്രി ജനങ്ങളെ മണ്ടൻമാരാക്കുകയാണ്.സ്പീക്കർക്കെതിരെ പ്രമേയം കെണ്ടുവരുമെന്ന് പറഞ്ഞപ്പോൾ പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യമാണെന്നാണ് മുഖ്യമന്ത്രി കളിയാക്കിയത്.എന്നാൽ പ്രതിപക്ഷത്തിന് ഇപ്പോൾ വിഷയ ബാഹുല്യമാണ്.സ്വർണക്കടത്തുകാരന്റെ സ്ഥാപനം ഉദ്ഘാടനം ചെയ്തതിലൂടെ സ്പീക്കർ കേരള നിയമസഭയുടെ അന്തസ് തകർക്കുകയാണ് ചെയ്തത്." - രമേശ് ചെന്നി​ത്തല പറഞ്ഞു.