കൊച്ചി: കൊവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധി മറികടക്കാൻ നിർമ്മാതാക്കളുടെ ആവശ്യം അംഗീകരിച്ച് സിനിമ താരങ്ങളുടെ സംഘടനയായ അമ്മ. പ്രതിഫലം കുറയ്‌ക്കണമെന്നും നിർമ്മാതാക്കളുമായി സഹകരിക്കണമെന്നും ആവശ്യപ്പെട്ട് എല്ലാ അംഗങ്ങൾക്കും അമ്മ കത്തയച്ചു. എന്നാൽ എത്ര ശതമാനം തുകയാണ് കുറയ്ക്കേണ്ടത് എന്നത് അടക്കമുള്ള കാര്യങ്ങളിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. അതേസമയം തങ്ങളുടെ ആവശ്യം അംഗീകരിച്ച അമ്മയുടെ നിലപാട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സ്വാഗതം ചെയ്‌തു. മലയാള സിനിമയുടെ തിരിച്ചുവരവിന് അമ്മയുടെ നിലപാട് സഹായകരമാകുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അഭിപ്രായപ്പെട്ടു.
കൊവിഡിനെ തുടർന്നുളള കടുത്ത സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് സിനിമാ മേഖലയെ രക്ഷപ്പെടുത്താൻ താരങ്ങൾ പ്രതിഫലം കുറയ്ക്കുന്ന കാര്യത്തിൽ അമ്മയുടെ നിർവാഹകസമിതി യോഗത്തിൽ തീരുമാനമായിരുന്നു. സൂപ്പർ താരങ്ങൾ ഉൾപ്പെടെയുളളവർ പ്രതിഫലം പകുതിയെങ്കിലും കുറയ്ക്കണമെന്നായിരുന്നു നിർമ്മാതാക്കളുടെ ആവശ്യം. ചലച്ചിത്ര സംഘടനകളുമായി ചർച്ചചെയ്യാതെ ഇത്തരമൊരു ആവശ്യം നിർമ്മാതാക്കൾ ഉന്നയിച്ചതിനെതിരെ അമ്മയിൽ ആദ്യം എതിർപ്പുയർന്നിരുന്നു. അതിനാലാണ് നിർവാഹക സമിതിയോഗം കൂടിയതും പിന്നീട് തീരുമാനമെടുത്തതും.