swapna-suresh

തിരുവനന്തപുരം: നയതന്ത്ര ബാഗേജിൽ സ്വർണം ഒളിപ്പിച്ചതിന് ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.ഐ.എ) പിടിയിലായപ്പോഴുള്ള സ്വപ്ന സുരേഷിന്റെ ലുക്ക് ആകെ മാറിയ നിലയിലായിരുന്നു. ഒരു പാവത്താൻ ഭാവം. ഇവർ തന്നെയായിരുന്നോ സ്വർണക്കടത്ത് നായികയും അധികാരത്തിന്റെ ഇടനാഴിയിൽ വിലസിയിരുന്നതെന്നും ആർക്കുമൊരു സംശയം തോന്നിപ്പോകും. അത്രയ്ക്കായിരുന്നു പിടിയിലായപ്പോഴുള്ള ആ മാറ്റം.

പക്ഷേ, അങ്ങനെയായിരുന്നില്ല കുറച്ചുനാൾ മുമ്പുവരെ സ്വപ്ന. ആ തലയെടുപ്പിന് മുന്നിൽ വിറച്ചവർ ധാരാളം, ആ വാക്ചാതുരിയിലും വശ്യമായ പെരുമാറ്റത്തിലും വീണുപോയ മറ്റുചിലർ. ഉന്നതരെ വരെ പെട്ടെന്ന് പാട്ടിലാക്കാനുള്ള പ്രത്യേക കഴിവ്. അതുപയോഗിച്ച് സ്വപ്നസമാനമായ സ്വന്തം 'സാമ്രാജ്യം' കെട്ടിപ്പടുക്കുന്നതിലായിരുന്നു സ്വപ്നയുടെ ശ്രദ്ധ. ഉന്നത ബന്ധങ്ങൾ ഉണ്ടാക്കുന്നതായിരുന്നു സ്വപ്നയുടെ പ്രധാന വീക്ക്നെസ്. അതിന് ആദ്യമാദ്യം തന്റെ സുഹൃത്ത് ബന്ധത്തിൽപെട്ടവരെയൊക്കെ നന്നായി ഉപയോഗിച്ചു. ഒരാൾക്ക് മറ്റൊരാളെ ആറിയാത്ത രീതിയിലുള്ള ബന്ധങ്ങൾ വളർത്തുന്നതിലും ബദ്ധശ്രദ്ധ പുലർത്തി. സ്വർണക്കടത്ത്പോലുള്ള രാജ്യവിരുദ്ധ, ക്രിമിനൽ പ്രവൃത്തികൾ ചെയ്യുമ്പോഴും തന്റെ പരിചയക്കാരായ ഉന്നതരുടെ അടുക്കൽ തന്റെ ഇമേജ് 'നയതന്ത്ര' ചാരുതയോടെ നിലനിറുത്തി.

ഗൾഫിൽ പഠിച്ച് അവിടെതന്നെ ജോലി ചെയ്തിട്ടുള്ള സ്വപ്നയുടെ ജീവിതം പലപ്പോഴും സിനിമാക്കഥയെ വെല്ലുന്നതായിരുന്നു. ആഡംബര ജീവിതത്തിൽ ഭ്രമിച്ചുപോയ സ്വപ്ന തന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഏതറ്റംവരെയും പോകാൻ തയാറായി. ഒടുവിൽപക്ഷേ, ഒരു നയതന്ത്ര ബാഗേജിന്റെ രൂപത്തിൽ പിടിക്കപ്പെട്ടപ്പോൾ അഴിഞ്ഞുവീണത് വലിയൊരു 'നയതന്ത്ര' മുഖം തന്നെയായിരുന്നു.

സമ്പന്നതയുടെ നടുവിൽ

സ്വപ്ന സുരേഷിന്റെ ബാല്യ-യൗവ്വനകാലം കഴിഞ്ഞുള്ള ജീവിതം അത്ര സ്വപ്നസുന്ദരമല്ലെന്ന് പറയപ്പെടുന്നുണ്ടെങ്കിലും സമ്പന്നത നിറഞ്ഞതായിരുന്നു. അച്ഛന് അബുദാബി സുൽത്താന്റെ ചീഫ് അക്കൗണ്ടന്റിന്റെ ഓഫീസിലായിരുന്നു ജോലി. കൊട്ടാരവളപ്പിലെ വില്ലയിലായിരുന്നു താമസം. കുടുംബത്തോടൊപ്പമായിരുന്നു അവിടെ താമസം. സ്വപ്നയ്ക്ക് രണ്ട് സഹോദരങ്ങൾ. അബുദാബിയിലെ ഇന്ത്യൻ സ്കൂളിലായിരുന്നു സ്വപ്നയുടെ പഠനം. പ്ലസ് ടു കഴിഞ്ഞ് അബുദാബിയിലെ എയർപോർട്ടിൽ ഒരു ചെറിയ ജോലി ലഭിച്ചു. പിന്നീട് പഠനം തുടർന്നോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതവന്നിട്ടില്ല. കേരളത്തിൽ ജോലിക്കായി നൽകിയ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിഞ്ഞിരുന്നു.

അബുദാബിയിൽ ജോലി കിട്ടിയശേഷമാണ് സ്വപ്നയുടെ വിവാഹം നടക്കുന്നത്. തിരുവനന്തപുരം പേട്ട സ്വദേശിയായിരുന്നു വരൻ. വിവാഹം കഴിഞ്ഞതോടെ ഭർത്താവിനെയും സ്വപ്ന അബുദാബിയിലേക്ക് കൊണ്ടുപോയി. അച്ഛന്റെ ബിസിനസിനെ അല്പസ്വല്പമൊക്കെ സ്വപ്ന സഹായിച്ചിരുന്നു. ഭർത്താവിനെയും ബിസിനസിൽ കൂടെക്കൂട്ടാൻ സ്വപ്ന ശ്രമം നടത്തിയെങ്കിലും നടന്നില്ല. അതോടെ അവരുടെ ജീവിതത്തിൽ സ്വരചേർച്ചയില്ലായ്മ പ്രകടമായി. അതൊടുവിൽ വിവാഹബന്ധം വേർപ്പെടുത്തുന്നതിൽ കലാശിച്ചു. ഈ ബന്ധത്തിൽ സ്വപ്നയ്ക്കൊരു പെൺകുട്ടിയുണ്ട്.

പിന്നീട് സ്വപ്ന രണ്ടാം വിവാഹത്തിന് തയാറായി. കൊല്ലം സ്വദേശിയായിരുന്നു രണ്ടാംഭർത്താവ്. ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. രണ്ടുപേരുടേയും വീടുകളിൽ നിന്ന് അടുത്ത ബന്ധുക്കളടക്കം അൻപതോളംപേർ മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്. വിവാഹം കഴിഞ്ഞതോടെ അബുദാബി വിട്ട് തിരുവനന്തപുരത്താക്കി സ്വപ്നയുടെ സ്ഥിര താമസം. ഈ ബന്ധത്തിൽ സ്വപ്നയ്ക്ക് ഒരു ആൺകുട്ടി പിറന്നു. ഭർത്താവും മക്കളുമായി തിരുവനന്തപുരം മുടവൻമുകളിലെ ഫ്ളാറ്റിലും പിന്നീട് അമ്പലമുക്കിലെ ഫ്ളാറ്റിലുമായിരുന്നു താമസം. (അമ്പലമുക്കിലെ ഈ ഫ്ലാറ്റിലാണ് സ്വർണക്കടത്തമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കസ്റ്റംസ് പരിശോധന നടത്തിയത്, ഈ ഫ്ളാറ്റിൽ നിന്നാണ് സ്വപ്ന ബംഗളൂരുവിലേക്ക് മുങ്ങിയതും).

ജോലിക്കാലം

അതിനിടെ തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിൽ സ്വപ്നക്ക് ജോലി ലഭിച്ചു. അച്ഛന് അബുദാബി സുൽത്താന്റെ ഓഫീസുമായുള്ള ബന്ധം യു.എ.ഇ കോൺസുലേറ്റിൽ ജോലി ലഭിക്കുവാൻ എളുപ്പമുള്ളതാക്കിയെന്നാണ് പറയപ്പെടുന്നത്. (ജോലി കിട്ടാൻ ഉന്നത ശുപാർശ ഉൾപ്പെടെ ഉണ്ടായിരുന്നുവെന്ന ആരോപണം അതിനിടെ ഉയർന്നെങ്കിലും ഇതുവരെ അതിന്റെ വസ്തുത പുറത്തുവന്നിട്ടില്ല). അതിനിടെ ശാരീരിക അസ്വസ്ഥത ബാധിച്ച് സ്വപ്നയുടെ അച്ഛൻ അബുദാബിയിലെ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഒരു സ്വകാര്യ ആശുപത്രിയിലും ചികിത്സിച്ചെങ്കിലും രണ്ട് മാസം മുൻപ് മരിച്ചു. എയർ ഇന്ത്യ സാറ്റ്സിലും സ്വപ്ന ജോലി ചെയ്തിരുന്നു. ഒടുവിൽ ഐ.ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് കീഴിലെ സ്പേസ് പാർക്കിലും ജോലി കിട്ടി. ഈ നിയമനം ഇപ്പോൾ വലിയ വിവാദമാവുകയും സർക്കാർ തല അന്വേഷണം തുടങ്ങുകയും ചെയ്തിട്ടുണ്ട്.

ജഗതിയിലെ വിഹിതം

പതിനേഴ് കൊല്ലം മുമ്പ് തിരുവനന്തപുരത്ത് നെയ്യാറ്റിൻകരയ്ക്കടുത്ത് സ്വപ്നയുടെ കുടുംബം ഒരു വലിയ വീട് പണിതിരുന്നു. അതിനിടെ ഒരു സഹോദരനുമായി സ്വപ്നയ്ക്ക് സ്വരചേർച്ച കുറവുമുണ്ടായി. മറ്റൊരു സഹോദരന്റെ വിവാഹവും അതിനിടെയുണ്ടായി. അതുമായി ബന്ധപ്പെട്ടുണ്ടായ ചില വിവാദങ്ങൾ കഴിഞ്ഞ ദിവസം ചർച്ചയായിരുന്നു. കുടുംബ വിഹിതമായി സ്വപ്നയ്ക്ക് ജഗതിക്കടുത്ത് കണ്ണേറ്റുമുക്കിൽ മൂന്നുനില കെട്ടിടവും സമീപത്തെ എട്ട് സെന്റ് സ്ഥലവും കിട്ടി. ആ സ്ഥലത്ത് സ്വപ്ന നാലായിരം സ്ക്വയർ ഫീറ്റിൽ ഒരു വീട് നിർമാണം തുടങ്ങിയിരുന്നു. സ്വർണക്കടത്തിൽ പിടിക്കപ്പെട്ടതോടെയാണ് വീട് നിർമിക്കുന്നതിനെക്കുറിച്ചുള്ള വിവരം പുറത്തുവന്നത്. ചതുപ്പായ സ്ഥലത്ത് പൈലിംഗ് നടത്തുന്നതിനുവേണ്ടി മാത്രം ലക്ഷങ്ങളാണ് സ്വപ്ന ചെലവിട്ടത്. ഈ വീട് നിർമാണവും ഇപ്പോൾ എൻ.ഐ.എയുടെ അന്വേഷണ പരിധിയിലുണ്ട്.

(ആ വിവാദ വിവാഹം..

അതേക്കുറിച്ച് നാളെ )