സാംസംഗിന് ആപ്പിൾ നൂറുകോടിയോളം ഡോളറിന്റെ നഷ്ടപരിഹാരം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍. നേരത്തെ ഓർഡർ ചെയ്തിരുന്ന ഓർഗാനിക് ലൈറ്റ് എമിറ്റിംഗ് ഡയോഡ് സ്ക്രീനുകൾ ആപ്പിൾ വാങ്ങിയിരുന്നില്ല. ഐ ഫോണുകൾക്കായുള്ള ആപ്പിളിന്റെ ഏറ്റവും വലിയ ഒ എൽ ഇഡി വിതരണക്കാരാണ് സാംസംഗ് ഡിസ്പ്ലെ. ഓർഡർ നിരസിച്ചതിനെ തുടർന്ന് ആപ്പിൾ 745 മില്ല്യൺ ഡോളർ സാംസംഗിന് നഷ്ടപരിഹാരം നൽകിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്നാൽ 950 മില്ല്യൺ ഡോളറാണ് പിഴ തുകയെന്ന് ഡിസ്പ്ലൈ ചെയിനിൽ നിന്നുള്ള പുതിയ റിപ്പോർട്ടുകളിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ പേയ്മെന്റോടു കൂടി സാംസംഗിന്റെ ക്യൂ 2 റവന്യൂ വർദ്ധിച്ചതായും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ വർഷവും ആപ്പിൾ ഒഎൽഇഡി പാനലുകൾ ഓർഡർ ചെയ്ത ശേഷം വാങ്ങുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന സാംസംഗ് 684 മില്യൺ ഡോളർ പിഴ ചുമത്തിയിരുന്നു. ലോകത്ത് ആകെ നിർമ്മിക്കുന്ന ഒഎൽഇഡി സ്ക്രീനുകളിൽ നാൽപത് ശതമാനവും സാംസംഗിന്റേതാണ്.
ആപ്പിൾ ഒഎൽഇഡി സ്ക്രീനുകൾക്കായി ചൈനയിലെ ബിഒഇ ടെക്കിനെ സമീപിക്കാനുള്ള സാദ്ധ്യതകളും ഏറെയാണ്. ആപ്പിൾ ഈ വർഷം 5ജി സപ്പോർട്ടോടു കൂടിയ നാല് ഐ-ഫോൺ 12 മോഡലുകൾ വിപണിയിൽ അവതരിപ്പിക്കും. ഈ നാല് മോഡലുകളിലും ഒഎൽഇഡി ഡിസ്പ്ലേ കാണാൻ കഴിയും.