കഴിഞ്ഞ ഒരാഴ്ചയായി കോഴിക്കോട് സമരഭൂമിയാണ്. ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് ആദ്യ വെടി പൊട്ടിച്ചത്. നയതന്ത്ര ബാഗിലൂടെ സ്വർണം കടത്തിയ കേസിലെ പ്രതിയായ സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഐ.ടി സെക്രട്ടറിയുമായ എം. ശിവശങ്കരനുമായി ബന്ധമുണ്ടെന്നും കള്ളക്കടത്ത് പ്രതികളെ രക്ഷിക്കാൻ ശിവശങ്കരൻ കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചുവെന്നുമായിരുന്നു വാർത്താസമ്മേളനത്തിലൂടെ സുരേന്ദ്രന്റെ വെളിപ്പെടുത്തൽ. ഒരു രാഷ്ട്രീയ ' ഗുണ്ട് ' എന്ന നിലയിലാണ് മാദ്ധ്യമപ്രവർത്തകരും പൊതുസമൂഹവും ഈ വെളിപ്പെടുത്തലിനെ ആദ്യം കണ്ടത്. എന്നാൽ രണ്ട് മൂന്ന് ദിവസം കഴിഞ്ഞതോടെ ഇതിൽ കഴമ്പുണ്ടെന്ന തരത്തിലായിരുന്നു വാർത്തകൾ. ഇതോടെ കോഴിക്കോട് നഗരവും കളക്ടറേറ്റ് പരിസരവും സമരഭൂമിയായി മാറുകയായിരുന്നു. യുവമോർച്ച, ബി.ജെ.പി, യൂത്ത് കോൺഗ്രസ്, കെ.എസ്.യു, യൂത്ത് ലീഗ്, മഹിളാ മോർച്ച എന്നീ സംഘടനകളാണ് സമരഭൂമിയിലേക്ക് പാഞ്ഞെത്തിയത്. ബി.ജെ.പിയും കോൺഗ്രസും സമരരംഗത്ത് വന്നുവെങ്കിലും യുദ്ധഭൂമിയാക്കിയില്ല.
ഏറ്റവും രൂക്ഷമായ സമരം യൂത്ത് ലീഗിന്റെ കളക്ടറേറ്റ് മാർച്ചായിരുന്നു. യൂത്ത് ലീഗിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ഉൾപ്പെടെയുള്ള നേതാക്കൾക്ക് ഗുരുതരമായി പരിക്കേൽക്കുന്ന വിധത്തിൽ ലാത്തിയടി ഏൽക്കുകയും ചെയ്തു.
യൂത്ത് ലീഗ് പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി അകത്തേക്ക് കടക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പലതവണ ജലപീരങ്കി പ്രയോഗിച്ചിട്ടും സമരക്കാർ പിരിഞ്ഞ് പോകാത്തതിനെ തുടർന്ന് പൊലീസ് ഗ്രനേഡ് എറിഞ്ഞു. പതിനൊന്ന് തവണയാണ് ഗ്രനേഡ് സമരക്കാർക്കെതിരെ പ്രയോഗിച്ചത് . എന്നിട്ടും പ്രവർത്തകർ പിരിഞ്ഞ് പോകാതെ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെയാണ് പൊലീസ് തനിരൂപം കാട്ടിയത്. പൊലീസ് സംഘം നേതാക്കളെയും പ്രവർത്തകരെയും വളഞ്ഞിട്ട് ഭീകരമായി മർദ്ദിക്കുകയായിരുന്നു. ഇതോടെ പ്രവർത്തകർ കല്ലേറും തുടങ്ങി. കല്ലേറിൽ രണ്ട് പൊലീസുകാർക്കും നാല് മാദ്ധ്യമ പ്രവർത്തകർക്കും പരിക്കേറ്റു.അന്ന് തന്നെയായിരുന്നു യുവമോർച്ചയുടെ കളക്ടറേറ്റ് മാർച്ചും. യൂത്ത് ലീഗ് മാർച്ച് നേരിട്ട അവശരായി പൊലീസ് നിൽക്കുന്ന സമയത്തായിരുന്നു യുവമോർച്ചയുടെ വരവ്. പതിവ് പോലെ പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചപ്പോൾ ആദ്യം ജലപീരങ്കിയും തുടർന്ന് ലാത്തിച്ചാർജ്ജും നടത്തുകയായിരുന്നു. പ്രവർത്തകർ കുറവായത് കാരണം പൊലീസ് ഇവരെ വളഞ്ഞിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. 12 പേർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ലാത്തിച്ചാർജ്ജിൽ പ്രതിഷേധിച്ച് അടുത്ത ദിവസം ബി.ജെ.പി സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലേക്ക് മാർച്ച് നടത്തിയെങ്കിലും സമാധാനപരമായിരുന്നു. യൂത്ത് കോൺഗ്രസ്സിന്റെ കളക്ടറേറ്റ് മാർച്ചിലും സംഘർഷം ഉണ്ടായി. പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചപ്പോൾ പൊലീസും സമരക്കാരും തമ്മിൽ ഉന്തും തള്ളും നടന്നു.തുടർന്ന് ജലപീരങ്കി പ്രയോഗിച്ചാണ് പ്രവർത്തകരെ വിരട്ടി ഓടിച്ചത്.
തിങ്കളാഴ്ചയായിരുന്നു മഹിളാമോർച്ചയുടെ നേതൃത്വത്തിൽ അരങ്ങേറിയ മുഖ്യമന്ത്രിയുടെ ജനകീയ കുറ്റവിചാരണ.
കിഡ്‌സൺ കോർണറിൽ നടന്ന സമരം സമാധാനപരമായതിനാൽ പൊലീസ് ഇടപെട്ടതേയില്ല. ഏറ്റവും ഒടുവിൽ ചൊവ്വാഴ്ച കോൺഗ്രസ് പാർട്ടിയുടെ കളക്ടറേറ്റ് മാർച്ച്. ബാരിക്കേഡ് തകർക്കാൻ ചെറിയ ശ്രമം ഉണ്ടായതൊഴിച്ചാൽ സംഘർഷമൊന്നും ഈ സമരത്തിൽ ഉണ്ടായില്ല.
എല്ലാ സമരങ്ങളും പ്രവർത്തകർ മാസ്ക്ക് ധരിക്കാതെയും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയുമായിരുന്നു. ഇതിന് പുറമെ പൊലീസിന്റെ അനുമതിയും വാങ്ങിയില്ല.