sandeep-nair

കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ കസ്റ്റഡിയിലെടുത്ത ബാഗ് എൻ.ഐ.എ ഇന്ന് തുറന്നു പരിശോധിക്കും. ഇതിനായുള്ള അനുമതി എൻ.ഐ.എ സംഘത്തിന് കോടതി നൽകി. എൻ.ഐ.എ സമർപ്പിച്ച അപേക്ഷ കോടതി ഫയലിൽ സ്വീകരിക്കുകയായിരുന്നു. സ്‌പെഷ്യൽ ജഡ്‌ജിന്റെ സാന്നിദ്ധ്യത്തിലാകും ബാഗ് പരിശോധിക്കുക.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട ചില നിർണായക വിവരങ്ങൾ അടങ്ങിയിരിക്കുന്ന രേഖകൾ ബാഗിലുണ്ടെന്നാണ് വിവരം. നേരത്തെ എൻ.ഐ.എ സംഘമെത്തിയപ്പോൾ ബാഗ് ഒളിപ്പിക്കാൻ സന്ദീപ് ശ്രമിച്ചിരുന്നതായും വിവരമുണ്ട്. ബംഗളൂരുവിൽ നിന്ന് സന്ദീപിനേയും സ്വപ്‌നയേയും എൻ.ഐ.എ സംഘം പിടികൂടിയപ്പോൾ സന്ദീപിനൊപ്പം ഉണ്ടായിരുന്ന ബാഗാണിത്.

അതേസമയം സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് പിടികൂടിയ മൂന്ന് പ്രതികളെ അൽപ്പസമയത്തിനകം കോടതിയിൽ ഹാജരാക്കും. മൂവാറ്റുപുഴ സ്വദേശി ജലാൽ, മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷാഫി, ഹംജത്ത് അലി എന്നിവരെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയിലാണ് ഹാജരാക്കുക.