gojio

മുംബയ്: മുകേഷ് അംബാനിയുടെ ജിയോ പ്ളാ‌റ്റ്ഫോമിൽ 7.7 ശതമാനം ഓഹരി സ്വന്തമാക്കി ഗൂഗിൾ. മൊത്തം 33,733 കോടി രൂപയാണ് ജിയോയിൽ ഗൂഗിൾ നിക്ഷേപിക്കുക. റിലയൻസ് ഇൻഡസ്ട്രീസിന്റെ 43ആമത് വാർഷിക ജനറൽ മീറ്റിംഗിലാണ് റിലയൻസ് ഇന്റഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഈ വിവരം അറിയിച്ചത്. ഏപ്രിൽ 22ന് ശേഷം റിലയൻസ് ജിയോ പ്ളാ‌റ്റ്ഫോമിൽ നടക്കുന്ന പതിനാലാമത് നിക്ഷേപമാണിത്.

ഫേസ്ബുക്ക്, ക്വാൽകോം തുടങ്ങി മറ്റ് ഒരു കൂട്ടം സ്വകാര്യ നിക്ഷേപ കമ്പനികൾ ഇതുവരെ ജിയോയിൽ നിക്ഷേപം നടത്തി കഴിഞ്ഞു. ഇന്ത്യയിലെ സാങ്കേതിക വിദ്യാ വികസനത്തിന് രാജ്യത്ത് പത്ത് ബില്യൺ അമേരിക്കൻ ഡോളർ നിക്ഷേപം നടത്തുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചത് തിങ്കളാഴ്‌ചയാണ്. കൊവിഡ് രോഗവ്യാപനം രാജ്യത്ത് ബിസിനസ് മെച്ചപ്പെടുവാനും സുഹൃത്തുക്കളും കുടുംബവുമായും ബന്ധപ്പെടാനും സഹായകമാണെന്നത് ഊട്ടിയുറപ്പിച്ചെന്ന് ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റ് ഇൻകോർപറേറ്റിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ സുന്ദർ പിച്ചൈ പറഞ്ഞു.