rajnath-singh

ന്യൂഡൽഹി: പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അതിർത്തിയിൽ സന്ദർശനം നടത്തും. ലഡാക്കിലും ജമ്മുകാശ്‌മീരിലുമായിരിക്കും അദ്ദേഹം സന്ദർശനം നടത്തുക. കരസേനാ മേധാവി എം.എം നരവനെയും അദ്ദേഹത്തിന് ഒപ്പമുണ്ടാകും. ജൂൺ 17ന് ലഡാക്കും 18ന് ജമ്മുകാശ്‌മീരിലുമാകും സന്ദർശനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അതിർത്തി സന്ദർശനത്തിന് രണ്ടാഴ്ചകൾക്ക് ശേഷമാണ് പ്രതിരോധമന്ത്രിയും അതിർത്തിയിലേക്ക് യാത്ര തിരിക്കുന്നത്.

സേനകൾക്കായി ആയുധസമാഹരണം വേഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങൾ സർക്കാർ തലത്തിൽ അതിവേഗം പുരോഗമിക്കുകയാണ്. റഷ്യയിൽ നിന്നും കരാറായ ആയുധങ്ങൾ അതിവേഗം ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ അവസാനഘട്ടത്തിലാണ്. വ്യോമസേനയുടെ സുഖോയ്-30, മിഗ്-29 വിമാനങ്ങളിൽ വിന്യസിക്കാനുള്ള ആയുധങ്ങളും യന്ത്രഭാഗങ്ങളും ഉടൻ ഇന്ത്യയിലെത്തിക്കും. കൂടാതെ നാവിക സേനയ്ക്കായി മിഗ്-29കെ, അത്യാധുനിക സംവിധാനങ്ങളോട് കൂടിയ അന്തർവാഹിനികൾ, യുദ്ധക്കപ്പലുകളിൽ വിന്യസിക്കാനുള്ള ആയുധങ്ങൾ, കരസേനയ്ക്കായി ടി-90 ടാങ്കുകൾ എന്നിവയാണ് ഉടനടി ഇന്ത്യയിലെത്തിക്കുന്നത്.

അടുത്തയിടെ റഷ്യ സന്ദർശിച്ച രാജ്നാഥ് സിംഗ് അവിടുത്തെ ഉപപ്രധാനമന്ത്രി യൂറി ഇവാനോവിച്ച് ബോറിസോവുമായി ചർച്ച നടത്തിയിരുന്നു. ആയുധ വിതരണം ത്വരിത ഗതിയിലാക്കാൻ അന്ന് ഇരു നേതാക്കളും തമ്മിൽ ധാരണയായിരുന്നു. ചർച്ചകളുടെ ഫലമായി അതിർത്തിയിൽ ചൈനയുമായി നിലനിന്നിരുന്ന സംഘർഷത്തിന് അയവ് വന്നിട്ടുണ്ട്.