bronco

കൊച്ചി :ഓഫ് റോഡിലെ കിരീടം വയ്ക്കാത്ത രാജാവാണ് അമേരിക്കന്‍ ബ്രാന്‍ഡ് ആയ ജീപ്പ്. ആഗോള വിപണിയിലെ തന്നെ ഓഫ്‌റോഡ് വാഹനങ്ങളുടെ പര്യായമാണ് ജീപ്പ് റാംഗ്ലര്‍. ജീപ്പിനെ ഓഫ്റോഡിൽ വെല്ലുവിളിക്കാൻ അധികം ആർക്കും കഴിഞ്ഞിട്ടില്ല.ഇപ്പോൾ ഇതാ ജീപ്പിന് ഒരു ഭീഷണിയായി ഫോര്‍ഡ് തങ്ങളുടെ ഐതിഹാസിക മോഡലിനെ പുത്തൻ പരിവേഷത്തില്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഫോര്‍ഡിന്റെ മികച്ച ഓഫ്റോഡര്‍ ആയിരുന്ന ബ്രോങ്കോ.

1966 മുതല്‍ 1996 വരെ ഫോര്‍ഡിന്റെ ഓഫ്റോഡര്‍ മുഖം ആയിരിന്നു ബ്രോങ്കോ എന്ന എസ്.യു.വി. 24 വര്‍ഷത്തിന് ശേഷമാണ് ബ്രോങ്കോയ്ക്ക് ഫോര്‍ഡ് പുതുജീവന്‍ നല്‍കുന്നത്. അടിമുടി മാറി കിടിലന്‍ ലുക്കിലും ഓഫ്റോഡ് മികവിലുമാണ് 2021 ബ്രോങ്കോയുടെ വരവ്. ജീപ്പ് റാംഗ്ലറിന് സമാനമായി 2 ഡോര്‍ 4 ഡോര്‍ എന്നിങ്ങനെ രണ്ട് പ്രധാന പതിപ്പുകളിലാണ് 2020 ഫോര്‍ഡ് ബ്രോങ്കോയുടെ വരവ്. 4 ഡോര്‍ ഷെയ്പ്പില്‍ ബ്രോങ്കോ സ്‌പോര്‍ട്ട് എന്നൊരു പുത്തൻ താരവുമുണ്ട്.പരമ്പരാഗത എസ്.യു.വി സങ്കല്പങ്ങളോട് നീതിപുലര്‍ത്തും വിധം ബോഡി-ഓണ്‍-ഫ്രെയിം ബോക്സി എസ്യുവിയാണ് 2020 ഫോര്‍ഡ് ബ്രോങ്കോ.4,839 മില്ലീമീറ്റര്‍ നീളവും 1,939 മില്ലീമീറ്റര്‍ വീതിയും 2,949 മില്ലിമീറ്റര്‍ വീല്‍ബേസും ഉള്ള 4 ഡോര്‍ ഫോര്‍ഡ് ബ്രോങ്കോയ്ക്ക് 292 എം.എം ഗ്രൗണ്ട് ക്ലിയറന്‍സ്.

പരമാവധി ബ്രേക്ക്ഓവര്‍ ആംഗിള്‍ 29 ഡിഗ്രി, 37.2 ഡിഗ്രി ഡിപ്പാര്‍ച്ചര്‍ ആംഗിള്‍ എന്നിവയും ഓഫ്‌റോഡിങ് തുണയ്ക്കും വിധമാണ്.യഥാര്‍ത്ഥ ഫോര്‍ഡ് ബൊങ്കോ മോഡലിന് സമാനമായി എളുപ്പത്തില്‍ നീക്കം ചെയ്യാവുന്ന റൂഫ് ആണ് 2021 ബ്രോങ്കോയ്ക്കും.

ഒറ്റ ക്ലസ്റ്ററില്‍ തീര്‍ത്തിരിക്കുന്ന ഗ്രില്‍ ഹെഡ്‌ലാംപ് ക്ലസ്റ്റര്‍, സ്പോര്‍ട്ടി ബമ്പര്‍, വീല്‍ ആര്‍ച്ചുകള്‍, ടെയില്‍ ലൈറ്റ് എന്നിവ യഥാര്‍ത്ഥ മോഡലില്‍ നിന്നും കടം കൊണ്ടതാണ്.രണ്ട് ഇക്കോബൂസ്റ്റ് ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് 2021 ഫോര്‍ഡ് ബ്രോങ്കോ വില്പനക്കെത്തിയിരിക്കുന്നത്. ഓഫ് റോഡിങ്ങിനായുള്ള പ്രത്യേക ടെറെയ്ന്‍ മാനേജ്‌മെന്റ് സിസ്റ്റം ആണ് ഫോര്‍ഡ് ബ്രോങ്കോയുടെ പ്രത്യേകത. നോര്‍മല്‍, സ്ലിപ്പറി/ സാന്‍ഡ്, ഇക്കോ, സ്‌പോര്‍ട്ട്, ബാജ, മഡ്/റട്ട്‌സ്, റോക്ക് ക്രോള്‍ എന്നിങ്ങനെ വിവിധ പ്രതലങ്ങളില്‍ പ്രവർത്തിപ്പിക്കേണ്ട വിധം ടെറെയ്ന്‍ മാനേജ്‌മെന്റ് സിസ്റ്റത്തില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.