ipl-

ദേശീയ ടീമിന്റെ ക്യാമ്പും യു.എ.ഇയിൽ സംഘടിപ്പിച്ചേക്കും

മുംബയ് : കൊവിഡ് കാരണം മാറ്റിവച്ചിരിക്കുന്ന ഇത്തവണത്തെ ഐ.പി.എൽ ക്രിക്കറ്റ് ടൂർണമെന്റ് സെപ്തംബർ -ഒക്ടോബർ മാസങ്ങളിലായി യു.എ.ഇയിൽ നടത്താൻ സാദ്ധ്യതയേറി. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലന ക്യാമ്പും യു.എ.ഇയിൽ തന്നെ സംഘടിപ്പിക്കാനും ആലോചനയുണ്ട്.ഇക്കാര്യങ്ങൾ ചർച്ചചെയ്യാൻ ബി.സി.സി.ഐയുടെ ഉന്നതതലയോഗം നാളെ ചേരുന്നുണ്ട്.

ആസ്ട്രേലിയയിൽ നടക്കേണ്ട ട്വന്റി-20 ലോകകപ്പിന്റെ കാര്യത്തിൽ ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിൽ ഇനിയും വ്യക്തമായ തീരുമാനം പ്രഖ്യാപിക്കാത്തത് ബി.സി.സി.ഐയെ വല്ലാത്ത ബുദ്ധിമുട്ടിലാക്കുന്നുണ്ട്.ലോകകപ്പ് മാറ്റിവച്ചാലേ ആ സമയത്ത് ഐ.പി.എൽ നടത്താൻ കഴിയൂ. ആതിഥേയരായ ആസ്ട്രേലിയ ടൂർണമെന്റ് സംഘടിപ്പിക്കാനാവില്ലെന്ന് അറിയിച്ചിട്ടും രണ്ടുമാസത്തിലേറെയായി തീരുമാനം നീട്ടിക്കൊണ്ടുപോവുകയായിരുന്നു ഐ.സി.സി.

അതോടൊപ്പം ഇന്ത്യയിൽ കൊവിഡ് പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നതും ക്രിക്കറ്റിന് തിരിച്ചടിയാണ്. പരിശീലന ക്യാമ്പോ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളോ തുടങ്ങുന്നതിനെപ്പറ്റി തീരുമാനമെടുക്കാൻ കഴിയുന്നില്ല. ഇൗ പ്രശ്നങ്ങളെല്ലാം നാളത്തെ ബി.സി.സി.ഐ യോഗം ചർച്ച ചെയ്യും.

എന്തുകൊണ്ട് യു.എ.ഇ

കൊവിഡിൽ നിന്ന് മുക്തിനേടിയ ന്യൂസിലാൻഡും തൊട്ടടുത്ത ശ്രീലങ്കയും ഒക്കെ ചർച്ചയിൽവന്നിട്ടും ഐ.പി.എൽ ഇന്ത്യയിൽ നിന്ന് മാറ്റുന്നെങ്കിൽ ആദ്യ വേദിയായി പരിഗണിക്കപ്പെടുന്നത് യു.എ.ഇയാണ്. കൊവിഡ് ഭീഷണിയിൽ നിന്ന് മുക്തി നേടിക്കാെണ്ടിരിക്കുന്ന യു.എ.ഇയിലേക്ക് മറ്റ് രാജ്യങ്ങളിൽ നിന്ന് കളിക്കാർക്ക് വന്നെത്താനുള്ള സൗകര്യമാണ് ഇതിന് പ്രധാനകാരണം. ദുബായ്,അബുദാബി,ഷാർജ എമിറേറ്റ്സുകളിലെ സ്റ്റേഡിയങ്ങളിലായി ടീമുകൾക്ക് അധികം യാത്രയില്ലാതെ ടൂർണമെന്റ് നടത്താനുമാകും. ടൂർണമെന്റിന് മുമ്പ് കളിക്കാരെ ബയോ സെക്യുർ അന്തരീക്ഷത്തിൽ ക്വാറന്റൈൻ ചെയ്യിക്കാനും വേണ്ടത്ര സൗകര്യം.

ഇന്ത്യൻ കളിക്കാർ മിക്കവാറും ഐ.പി.എല്ലിലും കളിക്കുന്നതിനാലാണ് ദേശീയ ടീം ക്യാമ്പും യു.എ.ഇയിലേക്ക് മാറ്റാൻ ആലോചിക്കുന്നത്. ബാംഗ്ളൂരിലെ ദേശീയ അക്കാഡമിയിലോ,മുംബയ്‌യിലോ ക്യാമ്പ് നടത്തുക ഇപ്പോൾ പ്രായോഗികമല്ല.ധർമ്മശാലയിൽ ക്യാമ്പ് നടത്തിയാലും ഐ.പി.എൽ യു.എ.ഇയിലാണെങ്കിൽ വീണ്ടുമൊരു ക്വാറന്റൈൻ വേണ്ടിവരും.

ഇംഗ്ളണ്ടിന്റെ പര്യടനം

മാറ്റിവച്ചേക്കും

സെപ്തംബറിൽ ഇംഗ്ളണ്ട് ക്രിക്കറ്റ് ടീം ഇന്ത്യയിൽ നടത്താനിരിക്കുന്ന മൂന്ന് വീതം ഏകദിനങ്ങളുടെയും ട്വന്റി -20 കളുടെയും പര്യടനം മാറ്റിവച്ചേക്കുമെന്ന് സൂചന.ഇന്ത്യൻ ടീമിന് ഇൗ പരമ്പരകൾക്കായി തയ്യാറെടുക്കാൻ സമയം കിട്ടാത്തതും ആ സമയത്ത് ഐ.പി.എൽ നടത്തേണ്ടിവരുമെന്നതുമാണ് പര്യടനം മാറ്റാൻ ബി.സി.സി.ഐയെ പ്രേരിപ്പിക്കുന്നത്. ആഗസ്റ്റിലെ ന്യൂസിലാൻഡ് എ ടീമിന്റെ പര്യടനവും മാറ്റേണ്ടിവരും. ഇക്കാര്യങ്ങളും നാളെ ചേരുന്ന ബി.സി.സി.ഐ ഉന്നതതലയോഗം ചർച്ച ചെയ്യും.