വാഷിംഗ്ടൺ: കൊവിഡ് വാക്സിൻ ഉത്പാദിപ്പിക്കാനുള്ള അമേരിക്കൻ കമ്പനിയുടെ നീക്കം വിജയത്തിലേക്കെന്ന് റിപ്പോർട്ടുകൾ. യു.എസിലെ 'മോഡേൺ' കമ്പനിയാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹെൽത്തുമായി ചേർന്ന് വാക്സിൻ വികസിപ്പിക്കുന്നത്. യു.എസിലെ പ്രമുഖ ബയോടെക് കമ്പനിയാണ് മോഡേണ. മോഡേണയുടെ പരീക്ഷണാത്മക വാക്സിൻ സുരക്ഷിതമാണെന്നും ആരോഗ്യമുള്ള 45 സന്നദ്ധപ്രവർത്തകരിൽ രോഗപ്രതിരോധം കാണിക്കുന്നുണ്ടെന്നും ഗവേഷകർ പറയുന്നതായി 'ന്യൂ ഇംഗ്ലണ്ട് ജേണൽ ഒഫ് മെഡിസിൻ' ആണ് റിപ്പോർട്ട് ചെയ്യുന്നത്.
മനുഷ്യരിലുള്ള പരീക്ഷണം ഏതാനും ആഴ്ചകൾ കൂടി തുടർന്ന ശേഷമേ മരുന്നിന് സർക്കാർ അംഗീകാരം നൽകൂ. 18നും 55നും ഇടയിൽ പ്രായമുള്ള 45 പേരിലാണ് ആദ്യഘട്ടം വാക്സിൻ പരീക്ഷിച്ചത്. കൂടുതൽ ആളുകളിൽ പരീക്ഷണം നടത്തിയാൽ മാത്രമേ പൂർണ വിജയമെന്ന് പറയാൻ കഴിയുകയുള്ളൂ. അവസാനഘട്ട പരീക്ഷണം ഈ മാസം അവസാനം തുടങ്ങാനാണ് ശാസ്ത്രജ്ഞർ ലക്ഷ്യമിടുന്നത്. ഈ വർഷം തന്നെ വാക്സിൻ വിപണിയിലെത്തുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
അതേസമയം, ലോകത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1.34 കോടിയും മരണസംഖ്യ 5.81 ലക്ഷവും കവിഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം 78.76 ലക്ഷത്തിന് മുകളിലാണ്.
♦ ആകെ രോഗികൾ: 1,34,86,823
♦ മരണം: 5,81,965
♦ രോഗമുക്തർ: 78,76,114
അഞ്ചുസ്ഥാനങ്ങളിൽ ഇവർ (രോഗികൾ- മരണസംഖ്യ)
♦ അമേരിക്ക: 35,46,278 - 1,39,162
♦ ബ്രസീൽ: 19,31,204 - 74,262
♦ ഇന്ത്യ: 9,39,192 - 24,327
♦ റഷ്യ: 7,46,369 - 11,770
♦ പെറു: 3,33,867 - 12,229
കൊവിഡിന് പിന്നാലെ എബോളയും: 20 മരണം
കോംഗോ: കൊവിഡ് മഹാമാരിയോട് ലോകം പൊരുതുമ്പോൾ ആശങ്ക വർദ്ധിപ്പിച്ച് എബോള വൈറസും. പടിഞ്ഞാറൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഒഫ് കോംഗോയിലാണ് എബോള പടരുന്നതായി കണ്ടെത്തിയത്. റിപ്പബ്ലിക്ക് ഒഫ് കോംഗോയുടെയും മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിന്റെയും അതിർത്തിയിലുള്ള ഈ വലിയ പ്രദേശത്ത് ഇതിനോടകം തന്നെ 50ഓളം പേർക്ക് എബോള സ്ഥിരീകരിച്ചതായും 20ഓളം മരിച്ചതായും ലോകാരോഗ്യ സംഘടന അറിയിച്ചു. ജൂൺ ഒന്നിനാണ് ഡി.ആർ.സിയിൽ വീണ്ടും എബോള വൈറസ് ബാധ കണ്ടെത്തിയത്. 48 പേർക്ക് പ്രദേശത്ത് രോഗബാധ സ്ഥിരീകരിച്ചതായി ലോകാരോഗ്യസംഘടനയുടെ പകർച്ചവ്യാധി വിഭാഗത്തിലെ മൈക് റയാൻ വ്യക്തമാക്കി. ‘ഇത് ഇപ്പോഴും സജീവമായ മഹാമാരിയാണ്. എബോള വിതയ്ക്കുന്നത് വലിയ ആശങ്കയാണെന്നും’ അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാൻ സാദ്ധ്യതയുണ്ടെന്നും രോഗം വലിയ രീതിയിൽ പകർന്നിട്ടുണ്ടെന്നും ലോകാരോഗ്യസംഘടന അറിയിച്ചു. രോഗം സ്ഥിരീകരിച്ച പ്രദേശം കോംഗോ നദി കൂടി ഉൾപ്പെട്ടതാണ്. വളരെ വലിയ ഭൂപ്രദേശമായ അവിടെ നിന്നും ആളുകൾ പല ആവശ്യങ്ങൾക്കായി ദൂരെ ദേശങ്ങളിലേക്ക് സഞ്ചരിക്കാറുണ്ടെന്ന കാര്യവും വളരെ ആശങ്ക സൃഷ്ടിക്കുന്നതാണ്. 1976ൽ കോംഗോയിലെ യംബുക്കുഗ്രാമത്തിൽ എബോള നദിയുടെ തീരത്തെ ചിലരിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്. അതുകൊണ്ട് ഇതിന് എബോള എന്ന പേരുവന്നു.
അതേ വർഷം സുഡാനിലും ഈ രോഗം കാണപ്പെട്ടു. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകർന്ന ഒരു രോഗമാണ് ഇത്. ലോകവ്യാപകമായി ഭീതിപടർത്തി രോഗം ആദ്യമായി പകരുന്നത് 2014ലാണ്