siva

തിരുവനന്തപുരം: സ്വപ്ന സുരേഷ് ജോലിചെയ്തിരുന്ന സ്പേസ് പാർക്കിന്റെ മേൽനോട്ടം വഹിക്കുന്ന കേരളാ സ്റ്റേറ്റ് ഐ ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൽ കസ്റ്റംസ് പരിശോധന. സ്പേസ് പാർക്കിന്റെ ഓപ്പറേഷൻസ് മാനേജർ എന്ന പദവിയിലാണ് സ്വപ്ന ജോലി ചെയ്തിരുന്നത്. വ്യാജസർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് സ്വപ്ന സുരേഷ് ഇവിടെ ജോലിനേടിയതെന്ന് നേരത്തേ വ്യക്തമായിരുന്നു. ഇക്കാര്യത്തിൽ കൂടുതൽ തെളിവുകൾ തേടിയാണ് കസ്റ്റംസ് എത്തിയതെന്നാണ് റിപ്പോർട്ട്. ജോലിനേടാൻ അന്നത്തെ ഐ ടി സെക്രട്ടറി ശിവശങ്കർ സഹായം ചെയ്തോ എന്നും വ്യക്തമാകേണ്ടതുണ്ട്. ഇതിനൊപ്പം ശിവശങ്കറിന്റെ ഫ്ളാറ്റിലും കോഴിക്കോട്ടെ ചില ജുവലറികളിലും കസ്റ്റംസ് പരിശോധന നടത്തുകയാണെന്ന് റിപ്പോർട്ടുണ്ട്.ശിവശങ്കറിന്റെ ഫ്ളാറ്റിലെ സന്ദർശക രജിസ്റ്റർ ഉൾപ്പെടെയുള‌ളവ കസ്റ്റംസ് സംഘം പരിശോധിച്ചു. ഇതിൽ നിന്ന് ചില തെളിവുകൾ കസ്റ്റംസ് സംഘത്തിന് കിട്ടിയെന്നാണ് വിവരം.

കസ്റ്റംസ് അധികൃതർ ശിവശങ്കനെ ഇന്നലെ മണിക്കൂറുകളോളം ചോദ്യംചെയ്തിരുന്നു. കേസിലെ പ്രതിയായ സ്വപ്ന സുരേഷമായു‌ള‌ളത് അടുത്ത സൗഹൃദം മാത്രമാണെന്ന് ശിവശങ്കർ മൊഴി നൽകിയത്. സ്വപ്ന വഴിയാണ് സരിത്തിനെ പരിചയപ്പെട്ടതെന്നും ചില പരിപാടികളുടെ സംഘാടനത്തിലും സരിത്ത് സഹകരിച്ചിട്ടുണ്ടെന്നും ശിവശങ്കർ വെളിപ്പെടുത്തി.ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഒരു കാര്യത്തിലും താൻ ഇടപെട്ടിട്ടില്ല. സന്ദീപ് നായരുമായി പരിചയമില്ലെന്നും ശിവശങ്കറിന്റെ മൊഴിയിൽ പറയുന്നു. പ്രതികൾക്ക് മറ്റ് ബിസിനസുകൾ ഉണ്ടെന്ന് അറിഞ്ഞിരുന്നില്ലെന്നും ശിവശങ്കർ പറയുന്നുണ്ട്. അതേസമയം ശിവശങ്കറിന്റെ മൊഴിയുടെ വിശദാംശങ്ങൾ കസ്റ്റംസ് പരിശോധിക്കുകയാണ്.ശിവശങ്കറിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്നും കസ്റ്റംസ് വ്യക്തമാക്കിയിട്ടുണ്ട്.