gloria-ramirez

വൈദ്യശാസ്ത്രരംഗത്തെ ഒന്നടങ്കം അമ്പരപ്പിച്ച ഒന്നായിരുന്നു ഗ്ലോറിയ റെമിറെസ് എന്ന യുവതിയുടെ മരണം. 31 വയസുകാരിയായ ഗ്ലോറിയ തന്റെ മരണശേഷം ' ടോക്‌സിക് ലേഡി ' എന്ന അപരനാമത്തിലാണ് അറിയപ്പെട്ടത്.

1994 ഫെബ്രുവരി 19നാണ് ഞെട്ടിക്കുന്ന ആ സംഭവം ഉണ്ടായത്. രാത്രി 8.15ഓടെ സെർവിക്കൽ ക്യാൻസർ ബാധിതയായിരുന്ന ഗ്ലോറിയ റെമിറെസിനെ അതീവ ഗുരുതരാവസ്ഥയിൽ കാലിഫോണിയയിലെ ആശുപത്രിയിൽ എത്തിച്ചു. ഗ്ലോറിയയുടെ ഹൃദയമിടിപ്പ് അസാധരണമായ തോതിൽ ഉയർന്നിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിക്കപ്പെട്ട ഗ്ലോറിയയെ അടിയന്തിര ചികിത്സയ്‌ക്ക് വിധേയയാക്കി.

ഇതിനിടെ ഗ്ലോറിയയുടെ ശരീരത്തിൽ നിന്നും എണ്ണയോട് സാദൃശ്യമുള്ള ഒരു ദ്രവവും ഒപ്പം വെളുത്തുള്ളിയുടേത് പോലുള്ള ഗന്ധവും സ്രവിക്കുന്നത് നഴ്സുമാരുടെ ശ്രദ്ധയിൽപ്പെട്ടു. പരിശോധനയ്‌ക്കായി ഗ്ലോറിയയുടെ കൈയ്യിൽ നിന്നും രക്തം കുത്തിയെടുത്ത നഴ്സ് അമ്പരന്നു. തവിട്ട് നിറത്തിലെ ഏതോ വസ്‌തുക്കൾ ഗ്ലോറിയയുടെ രക്തത്തിനുള്ളിലൂടെ ഒഴുകുന്നു. അപ്പോഴേക്കും രക്തത്തിൽ നിന്നും അമോണിയയുടേത് പോലുള്ള ഗന്ധം മുറിയാകെ വ്യാപിച്ചു.

ഞൊടിയിടയ്‌ക്കുള്ളിൽ തന്നെ ഗ്ലോറിയയുടെ സമീപമുണ്ടായിരുന്നവർക്കെല്ലാം ഒന്നിനു പിറകേ ഒന്നായി അസ്വസ്ഥതകൾ ഉണ്ടായി. ചിലർ തലകറങ്ങി വീഴാൻ തുടങ്ങി. ചിലർ ഛർദ്ദിച്ചു. ഹേസ്‌പിറ്റലിലുണ്ടായിരുന്ന 23 പേർക്ക് ഇത്തരത്തിൽ ശാരീരിക അസ്വസ്ഥകളുണ്ടായി. ഇതിൽ അഞ്ച് പേരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റേണ്ടി വന്നു. ഗ്ലോറിയയെ പ്രവേശിപ്പിച്ച ആശുപത്രി ബ്ലോക്കിലുണ്ടായിരുന്ന രോഗികളെയെല്ലാം ഉടൻ തന്നെ പുറത്തെ പാർക്കിംഗ് ഏരിയയിലേക്ക് മാറ്റി. 45 മിനിട്ടിനുള്ളിൽ അന്താരികാവയവങ്ങളുടെ പ്രവർത്തനം നിലച്ച ഗ്ലോറിയ മരണത്തിന് കീഴടങ്ങി.

ആശുപത്രിയിലുണ്ടായിരുന്നവർക്ക് തലകറക്കം, ശ്വാസതടസം, പേശീ വേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായതായി ഗവേഷണ സംഘത്തിന് വ്യക്തമായി. ഗ്ലോറിയയുടെ സമീപം നിന്നവരെയാണ് ഇത് കൂടുതലും ബാധിച്ചത്. മറ്റൊരു കാര്യം സ്ത്രീകളിലാണ് കൂടുതലും ഈ ലക്ഷണങ്ങൾ ഉണ്ടായത്.

ഗ്ലോറിയ വേദനസംഹാരിയായി ഡൈമീഥൈൽ സൾഫോക്സൈഡ് ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. ഡൈമീഥൈൽ സൾഫോക്സൈഡിന് വെളുത്തുള്ളിയോടേത് പോലുള്ള ഗന്ധവും ജെല്ലിന്റെ രൂപവുമാണ്. ചികിത്സയുടെ ഭാഗമായി ഗ്ലോറിയയ്‌ക്ക് മരുന്നുകൾ കുത്തിവയ്‌ക്കുകയും കൃത്രിമശ്വാസം നൽകുകയും ചെയ്‌തിരുന്നു.

ഇതിനിടെ ഡൈ മീഥൈൽ സൾഫോക്സൈഡിലുണ്ടായ രാസപ്രവർത്തനങ്ങളുടെ ഫലമായി ഗ്ലോറിയയുടെ രക്തത്തിൽ ഡൈ മീഥൈൽ സൾഫേറ്റ് എന്ന ഹാനികരമായ വിഷവസ്‌തു ഉണ്ടായേക്കുമെന്നും ഇതാകാം ഗ്ലോറിയയിലുണ്ടായ മാറ്റങ്ങൾക്ക് കാരണമെന്നും അനുമാനിച്ചെങ്കിലും പൂർണമായി സാധൂകരിക്കാനായില്ല.

പ്രത്യേക സുരക്ഷാ വസ്ത്രങ്ങൾ ധരിച്ച ഡോക്ടർമാർ മൂന്ന് പോസ്റ്റ്മോർട്ടങ്ങളാണ് ഗ്ലോറിയയിൽ നടത്തിയത്. ഒന്ന് ഗ്ലോറിയയുടെ മരണത്തിന് ആറ് ദിവസങ്ങൾക്ക് ശേഷവും, പിന്നെ ആറ് ആഴ്ച കഴിഞ്ഞും, ശേഷം ഗ്ലോറിയയുടെ സംസ്കാരത്തിന് തൊട്ടുമുമ്പും. ഏപ്രിൽ 20നാണ് ഗ്ലോറിയയുടെ മൃതദേഹം സംസ്കരിച്ചത്.

യഥാർത്ഥത്തിൽ ഗ്ലോറിയയ്‌ക്ക് സംഭവിച്ചതെന്താണെന്നോ ഏത് വിഷവസ്‌തുവാണ് ഗ്ലോറിയയുടെ ശരീരത്തിൽ നിന്നും പുറത്ത് വന്നതെന്നും ഇന്നും വ്യക്തമല്ല.