ന്യൂഡൽഹി: സച്ചിൻ പൈലറ്റിനെ ഉചിതമായി സ്ഥാനം നൽകി പാർട്ടിയിൽ തന്നെ നിലനിർത്താനുള്ള ചർച്ചകൾ ഡൽഹി കേന്ദ്രീകരിച്ച് നടക്കുന്നതായി കോൺഗ്രസ് വൃത്തങ്ങൾ. ഇനി രാജസ്ഥാൻ രാഷ്ട്രീയത്തിലേക്ക് മടങ്ങുകയെന്നത് സച്ചിനെ സംബന്ധിച്ച് ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് തന്നെ ദേശീയതലത്തിൽ സച്ചിനെ പ്രതിഷ്ടിക്കാനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നത്.
സച്ചിൻ പൈലറ്റിന് കോൺഗ്രസ് ദേശീയ നേതൃത്വത്തിൽ മികച്ച സ്ഥാനം നൽകാൻ പാർട്ടി തയ്യാറാണെന്നും എന്നാൽ അത് ഉടനടി സാദ്ധ്യമാകണമെന്നില്ലെന്നുമാണ് കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. സച്ചിൻ പൈലറ്റുമായി ബന്ധപ്പെട്ട് നടക്കുന്ന അനുരഞ്ജന ചർച്ചകൾക്ക് ഒരു മാസം സമയം ആവശ്യമാണെന്നാണ് ഒരു മുതിർന്ന നേതാവ് പറയുന്നത്.
ഉപാധികളൊന്നും ഇല്ലാതെ സച്ചിൻ പൈലറ്റ് ഒരു തിരിച്ചുവരവ് ആസൂത്രണം ചെയ്യേണ്ടത് പ്രധാനമാണെന്നാണ് സോണിയഗാന്ധിയോട് അടുപ്പം പുലർത്തുന്ന ഒരു ഉന്നത നേതാവ് പ്രതികരിച്ചത്. സച്ചിനെ നിലനിർത്താൻ താത്പര്യമുണ്ടെങ്കിലും ഗെലോട്ടിന് പകരം മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യത്തെ അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് കോൺഗ്രസ്.
താൻ ഇപ്പോഴും കോൺഗ്രസിൽ തന്നെയാണെന്ന് ഇന്ന് രാവിലെ ഒരു ദേശീയ മാദ്ധ്യമത്തോട് സച്ചിൻ പൈലറ്റ് പ്രതികരിച്ചിരുന്നു. ബി.ജെ.പിയിൽ ചേരുകയാണെന്നും പറഞ്ഞ് പ്രചരണം നടത്തുന്നവർ തന്നെ ഗാന്ധി കുടുംബത്തിന് മുന്നിൽ അപമാനിക്കുകയാണെന്നായിരുന്നു സച്ചിന്റെ പ്രതികരണം.
കോണ്‍ഗ്രസിൽ നിന്ന് തെറ്റിപ്പിരിഞ്ഞ സച്ചിനെ കഴിഞ്ഞ ദിവസമാണ് പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തുനിന്നും രാജസ്ഥാൻ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും നീക്കിയത്. സച്ചിന്റെ വിശ്വസ്തരായ രണ്ട് മന്ത്രിമാരേയും നീക്കിയിരുന്നു. സമവായ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് സച്ചിൻ പൈലറ്റിനെതിരെ നടപടിയെടുക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. അതേസമയം വരും ദിവസങ്ങളിൽ സച്ചിൻ പൈലറ്റും കോൺഗ്രസും തമ്മിലുള്ള ചർച്ചകൾ ഊർജ്ജിതമാകുമെന്ന് തന്നെയാണ് വിവരം.