da

ന്യൂയോർക്ക്: ഒരു പെൺകുട്ടിയെ സംബന്ധിച്ച് അവളുടെ അച്ഛനിൽ നിന്ന് അവൾക്കാവശ്യം വിലകൂടിയ സമ്മാനങ്ങളോ പണമോ ഒന്നുമാവില്ല. പകരം തന്റെ സ്വപ്നങ്ങൾക്ക് ചിറക് വരച്ചുനൽകുന്ന,​ പിന്തുണയ്ക്കുന്ന ബലമേറിയ കരങ്ങളാണ്. തന്റെ മകളുടെ എട്ടാംപിറന്നാളിന് തയാറാക്കിയ ഫോട്ടോഷൂട്ടിന് അവൾക്കൊപ്പം കണ്ണുമടച്ചിറങ്ങിയ അച്ഛനാണ് ഇപ്പോൾ സാമൂഹ്യമാദ്ധ്യമങ്ങളിലെ താരം. മകളോടൊപ്പം മത്സ്യകന്യകയുടെ വേഷം അണിഞ്ഞാണ് ചിത്രങ്ങൾക്ക് അച്ഛനും പോസ് ചെയ്യുന്നത്. പിങ്ക് നിറമുള്ള വസ്ത്രങ്ങളണിഞ്ഞ്, മത്സ്യവാലുകളിളക്കി മനോഹരമായ നദിയിൽ രണ്ടാളും ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത് കാഴ്ചക്കാരിൽ കൗതുകമുണർത്തും.

'ഫോട്ടോഷൂട്ടിൽ മുഴുവനും രണ്ടാളും നല്ല സന്തോഷത്തിലായിരുന്നു. ഒരു പക്ഷേ മകളുടെ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ജന്മദിനസമ്മാനമാകും ഈ ഷൂട്ടിലൂടെ അച്ഛൻ നൽകിയിട്ടുണ്ടാവുക.' ചിത്രങ്ങൾ പകർത്തിയ അമേരിക്കൻ സ്വദേശിയായ ഡിസയർ ഡീൽ പറയുന്നു. ഡിസയർ തന്റെ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും ചിത്രങ്ങൾ പങ്കുവച്ചതോടെ നിരവധിപ്പേരാണ് പ്രതികരണവുമായി എത്തിയത്. ഒന്നര ലക്ഷത്തിലധികം ആളുകളാണ് ഈ അച്ഛന്റെയും മകളുടെയും ചിത്രങ്ങൾ ഫേസ്ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നത്. 'ഞങ്ങൾക്ക് ഈ ചിത്രങ്ങൾ ഇഷ്ടമായി' എന്നാണ് കമന്റുകളിൽ ഏറെയും.

കുട്ടികളുടെ ഫോട്ടോഷൂട്ടാണ് ഡിസയറിന്റെ ഇഷ്ടവിഷയം. മൂന്ന് മാസം പ്രായമുള്ള മകൻ മരിച്ച ശേഷമാണ് ഇവർ ഫോട്ടോഗ്രാഫിയിലേക്ക് തിരിഞ്ഞത്. ഇപ്പോൾ ഡിസയറിന് മൂന്ന് മക്കളുണ്ട്. അതുകൊണ്ട് തന്നെ കുട്ടികളുടെ ഫോട്ടോകൾ എടുക്കുന്നതൊക്കെ ഡിസയറിന് സിംപിളാണ്.