മുംബയ്: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ 43ആമത് വാർഷിക യോഗത്തിൽ വമ്പൻ പ്രഖ്യാപനവുമായി വീണ്ടും മുകേഷ് അംബാനി. ജിയോ പ്ളാറ്റ്ഫോമിൽ ഗൂഗിൾ 7.7% ഓഹരി നിക്ഷേപം നടത്തും. 33,737 കോടി രൂപയാണ് ഇത്തരത്തിൽ നിക്ഷേപിക്കുക. രാജ്യത്തിനുളളിൽ നിന്നു തന്നെ100 ശതമാനം സാങ്കേതികവിദ്യ സഹായത്തോടെ 5ജി നെറ്റ്‌വർക്ക് സംവിധാനം രാജ്യത്ത് നടപ്പാക്കാനൊരുങ്ങുകയാണ് ജിയോ. സ്‌പെക്‌ട്രം അനുവദിച്ചാലുടൻ 5ജി ട്രയൽ ആരംഭിക്കും. രാജ്യമാകമാനം ജനങ്ങൾ തമ്മിലെ ബന്ധം എളുപ്പമാക്കാനും പ്രധാനമന്ത്രി പ്രഖ്യാപിച്ച ആത്മനിർഭർ ഭാരത് പ്രഖ്യാപനത്തിന് സഹായകമാകാനും ഇതിലൂടെ കഴിയുമെന്നും മുകേഷ് അംബാനി പ്രത്യാശ പ്രകടിപ്പിച്ചു. ജിയോ മാർട്ട്, ജിയോ ഗ്ളാസ്, ജിയോ ടിവി പ്ളസ്, ജിയോയുടെ ഒടിടി പ്ളാറ്റ്ഫോം എന്നിങ്ങനെ നിരവധി പ്രഖ്യാപനങ്ങൾ മുകേഷ് അംബാനി വാർഷിക യോഗത്തിൽ നടത്തി.
ഉപഭോക്താവ്,പലവ്യഞ്ജനം, ഉത്പാദകർ എന്നിവയിലാകും ജിയോ മാർട്ടിലൂടെ ശ്രദ്ധിക്കുക. 24 മണിക്കൂർ പ്രവർത്തിക്കുന്ന പലവ്യഞ്ജന കടകളാണ് ജിയോ മാർട്ടിലൂടെ ഉദ്ദേശിക്കുന്നത്. ആദ്യ ഓർഡർ നൽകുന്നവർക്ക് മാസ്‌കും സാനിറ്റൈസറും അടങ്ങുന്ന കൊവിഡ് കിറ്റ് ലഭിക്കും.
സ്‌മാർട്ഫോണുമായി ബന്ധിപ്പിക്കാവുന്ന കേബിളാണ് ജിയോ ഗ്ളാസ്. ഇതിലൂടെ 25ലധികം ആപ്ളിക്കേഷനുകൾ ലഭിക്കും. 3ഡി മീറ്റിംഗുകളും വീഡിയോ കാളുകളും ചെയ്യാൻ ജിയോഗ്ളാസ് ഉപയോഗിക്കാം.
എല്ലാവിധ ഒടിടി പ്ളാറ്റ്ഫോമുകളും കാണാവുന്നതാണ് ജിയോ ടിവി പ്ളസ് സംവിധാനം. ശബ്ദം ഉപയോഗിച്ച് സെർച്ച് ചെയ്യാവുന്ന സംവിധാനവും ഇതിലുണ്ട്. ഇഷ അംബാനിയും ആകാശ് അംബാനിയും ചേർന്നാണ് ഇതിന്റെ അവതരണം നടത്തിയത്.
ആദായനികുതി ഇനത്തിൽ 8368 കോടിയും ജി.എസ്.ടി, വാറ്റ് എന്നിങ്ങനെ 69,372 കോടി രൂപയും സർക്കാരിന് നൽകിയതായും മുകേഷ് അംബാനി വാർഷികയോഗത്തിൽ അറിയിച്ചു.