eb

കോംഗോ: കൊവിഡ്​ മഹാമാരിയോട്​ ലോകം പൊരുതുമ്പോൾ ആശങ്ക വർദ്ധിപ്പിച്ച്​ എബോള വൈറസും. പടിഞ്ഞാറൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഒഫ് കോംഗോയിലാണ് എബോള പടരുന്നതായി കണ്ടെത്തിയത്​. റിപ്പബ്ലിക്ക് ഒഫ് കോംഗോയുടെയും മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കി​ന്റെയും അതിർത്തിയിലുള്ള ഈ വലിയ പ്രദേശത്ത് ഇതിനോടകം തന്നെ 50ഓളം പേർക്ക് എബോള സ്ഥിരീകരിച്ചതായും 20ഓളം മരിച്ചതായും ലോകാരോഗ്യ സംഘടന അറിയിച്ചു. ജൂൺ ഒന്നിനാണ് ഡി.ആർ.സിയിൽ വീണ്ടും എബോള വൈറസ്​ ബാധ കണ്ടെത്തിയത്​. 48 പേർക്ക് പ്രദേശത്ത് രോഗബാധ സ്ഥിരീകരിച്ചതായി ലോകാരോഗ്യസംഘടനയുടെ പകർച്ചവ്യാധി വിഭാഗത്തിലെ മൈക്​ റയാൻ വ്യക്തമാക്കി. ‘ഇത്​ ഇപ്പോഴും സജീവമായ മഹാമാരിയാണ്​. എബോള വിതയ്ക്കുന്നത്​ വലിയ ആശങ്കയാണെന്നും’ അദ്ദേഹം മാദ്ധ്യമങ്ങളോട്​ പറഞ്ഞു. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാൻ സാദ്ധ്യതയുണ്ടെന്നും രോഗം വലിയ രീതിയിൽ പകർന്നിട്ടുണ്ടെന്നും ലോകാരോഗ്യസംഘടന അറിയിച്ചു. രോഗം സ്ഥിരീകരിച്ച പ്രദേശം കോംഗോ നദി കൂടി ഉൾപ്പെട്ടതാണ്​. വളരെ വലിയ ഭൂപ്രദേശമായ അവിടെ നിന്നും ആളുകൾ പല ആവശ്യങ്ങൾക്കായി ദൂരെ ദേശങ്ങളിലേക്ക്​ സഞ്ചരിക്കാറുണ്ടെന്ന കാര്യവും വളരെ ആശങ്ക സൃഷ്​ടിക്കുന്നതാണ്​. 1976ൽ കോംഗോയിലെ യംബുക്കുഗ്രാമത്തിൽ എബോള നദിയുടെ തീരത്തെ ചിലരിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്. അതുകൊണ്ട് ഇതിന് എബോള എന്ന പേരുവന്നു.

അതേ വർഷം സുഡാനിലും ഈ രോഗം കാണപ്പെട്ടു. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകർന്ന ഒരു രോഗമാണ് ഇത്. ലോകവ്യാപകമായി ഭീതിപടർത്തി രോഗം ആദ്യമായി പകരുന്നത് 2014ലാണ്

. ♦ ശക്​തമായ പനിയും വയറിളക്കവും പ്രധാനലക്ഷണങ്ങൾ

♦ നേരിട്ടുള്ള സമ്പർക്കംവഴി പടരുന്നു

♦ 2018 മുതൽ നഷ്ടമായത് 2277 പേരുടെ ജീവൻ