joe-root

മാഞ്ചസ്റ്റർ : ഇംഗ്ളണ്ടും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള മൂന്ന് മത്സര പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് മാഞ്ചസ്റ്ററിൽ തുടക്കമാകും. സതാംപ്ടണിൽ നടന്ന ആദ്യ ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസ് നാലുവിക്കറ്റിന് വിജയിച്ചിരുന്നു. കൊവിഡ് ലോക്ക്ഡൗണിന് ശേഷമുള്ള ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരമായിരുന്നു ഇത്.പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും മാഞ്ചസ്റ്ററിലാണ് നടക്കുന്നത്.

ആദ്യ മത്സരം വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് വിൻഡീസ് ഇന്നിറങ്ങുക. സതാംപ്ടണിൽ ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ മികവ് പ്രകടിപ്പിക്കാനും കൂട്ടായ പരിശ്രമത്തിലൂടെ വെല്ലുവിളികൾ മറികടക്കാനും വിൻഡീസിന് കഴിഞ്ഞിരുന്നു.ഇൗ കൂട്ടായ്മ നില നിറുത്തിയാൽ ഇംഗ്ളണ്ടിനെതിരെ പരമ്പര നേടാമെന്ന് പ്രതീക്ഷയിലാണ് സന്ദർശകർ. നായകൻ ജാസൺ ഹോൾഡർ, ഷാനോൺ ഗബ്രിയേൽ,അൽസാരി ജോസഫ് എന്നിവരിലാണ് ബൗളിംഗ് പ്രതീക്ഷ. ഷാനോൺ ആദ്യ ടെസ്റ്റിൽ ഒൻപത് വിക്കറ്റുകളും ഹോൾഡർ ഏഴ് വിക്കറ്റുകളും നേടിയിരുന്നു.ജെർമെയ്ൻ ബ്ളാക്ക്‌വുഡ്, ക്യാംപ്ബെൽ, ഷേൻ ഡൗറിച്ച്, ഷായ് ഹോപ്പ്, ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റ്,റോസ്റ്റൺ ചേസ് തുടങ്ങിയവരിലാണ് ബാറ്റിംഗ് പ്രതീക്ഷകൾ.

രണ്ടാമത്തെ കുഞ്ഞ് പിറന്നതിനാൽ ആദ്യ ടെസ്റ്റിൽ നിന്ന് വിട്ടുനിന്നിരുന്ന നായകൻ ജോ റൂട്ട് ഇംഗ്ളണ്ട് ടീമിലേക്ക് തിരിച്ചെത്തും. ബെൻ സ്റ്റോക്സാണ് സതാംപ്ടണിൽ ഇംഗ്ളണ്ടിനെ നയിച്ചിരുന്നത്. അതേസമയം ആദ്യ ടെസ്റ്റിൽ നിന്ന് ഒഴിവാക്കിയതിനെതിരെ പരസ്യപ്രതികരണം നടത്തിയിരുന്ന പേസർ സ്റ്റുവർട്ട് ബ്രോഡിന് ഇന്നും അവസരം ലഭിക്കുന്ന കാര്യത്തിൽ ഉറപ്പില്ല.പരമ്പര നഷ്ടപ്പെടാതിരിക്കാൻ ഇംഗ്ളണ്ടിന് ഇൗ ടെസ്റ്റിൽ വിജയം അനിവാര്യമാണ്.

ടി.വി ലൈവ് : ഇന്ത്യൻ സമയം വൈകിട്ട് 3.30 മുതൽ സോണി സിക്സിൽ