sa

 സച്ചിനെയും 18വിമത എം.എൽ.എമാരെയും അയോഗ്യരാക്കാൻ നീക്കം

 ഭാവി തീരുമാനം വ്യക്തമാക്കാതെ സച്ചിൻ

ന്യൂഡൽഹി: രാജസ്ഥാനിൽ നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാനുള്ള വിപ്പ് ലംഘിച്ചതിനും സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്ക് കൂട്ടുനിന്നതായി ആരോപിച്ചും സച്ചിൻ പൈലറ്റിനും 18 വിമത എം.എൽ.എമാർക്കും സ്‌പീക്കർ അയോഗ്യത നടപടികൾ തുടങ്ങി. അതേസമയം ബി.ജെ.പിയിലേക്കില്ലെന്ന് ആവർത്തിച്ച സച്ചിൻ ഭാവി തീരുമാനം വ്യക്തമാക്കിയിട്ടില്ല.

ചൊവ്വാഴ്‌ച നടന്ന നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാനുള്ള വിപ്പ് മനപൂർവ്വം അവഗണിച്ചെന്ന് ചൂണ്ടിക്കാട്ടി ചീഫ് വിപ്പ് മഹേഷ് ജോഷി നൽകിയ പരാതിയിൽ സച്ചിനും 18 എം.എൽ.എമാർക്കുമെതിരെ സ്‌പീക്കർ സി.പി.ജോഷി നോട്ടീസ് അയച്ചു. വെള്ളിയാഴ്‌ചയ്‌ക്കുള്ളിൽ മതിയായ വിശദീകരണം നൽകിയില്ലെങ്കിൽ അയോഗ്യരാക്കുമെന്ന് നോട്ടീസിൽ പറയുന്നു. എം.എൽ.എമാരുടെ വസതികളിൽ നോട്ടീസ് പതിച്ചിട്ടുണ്ട്. സച്ചിനൊപ്പം മന്ത്രിസഭയിൽ നിന്ന് പുറത്തായ വിശ്വേന്ദ്ര സിംഗ്, രമേശ് മീണ, എം.എൽ.എമാരായ ദീപേന്ദർസിംഗ് ഷേഖാവത്, ഭൻവർലാൽ ശർമ്മ, ഹരീഷ് ചന്ദ്ര മീണ തുടങ്ങിയവർക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ട്. നിയമസഭാ കക്ഷി യോഗത്തിൽ നിന്ന് മനപൂർവ്വം വിട്ടു നിന്ന 19 എം.എൽ.എമാർ പാർട്ടി അച്ചടക്കം ലംഘിച്ചെന്നും സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കങ്ങൾക്ക് പിന്തുണ നൽകിയെന്നും സ്‌പീക്കർക്ക് അയച്ച കത്തിൽ ചീഫ് വിപ്പ് ആരോപിക്കുന്നു.

സച്ചിന് പകരം പി.സി.സി അദ്ധ്യക്ഷനായി ഗോവിന്ദ്സിംഗ് ദൊതാസരെയെ നിയമിച്ച ഹൈക്കമ്മാൻഡ് രാജസ്ഥാൻ സംസ്ഥാന ഘടകത്തിന്റെ മറ്റ് വിഭാഗങ്ങളെ പിരിച്ചുവിട്ടിരുന്നു.

 ബി.ജെ.പിയിലേക്കില്ല, ഗെലോട്ട് ഏകാധിപതി: സച്ചിൻ

തന്നെ വളർത്തിയ പാർട്ടിയെ വിട്ട് ബി.ജെ.പിയുമായി കൂട്ടുകൂടാൻ പദ്ധതിയിട്ടില്ലെന്ന് സച്ചിൻ പൈലറ്റ് പറഞ്ഞു. രാജസ്ഥാൻ കോൺഗ്രസിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ഏകാധിപത്യമാണെന്നും തന്നെ പ്രവർത്തിക്കാൻ അനുവദിച്ചില്ലെന്നും സച്ചിൻ ആരോപിച്ചു. രാഹുൽ ഗാന്ധി അദ്ധ്യക്ഷ പദവിയൊഴിഞ്ഞ ശേഷം തനിക്ക് കഷ്‌ടകാലമാണ്. പ്രത്യേക പദവിയോ, അധികാരമോ ആഗ്രഹിച്ചിട്ടില്ല. ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനങ്ങൾ നടപ്പാക്കാനാണ് ശ്രമിച്ചത്. എന്നാൽ ഗെലോട്ടും അനുയായികളും വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ അനുവദിച്ചില്ല. തന്നെ അനുസരിക്കേണ്ടെന്ന് ഉദ്യോഗസ്ഥക്ക് നിർദ്ദേശം നൽകി. ഇക്കാര്യങ്ങൾ ഹൈക്കമ്മാൻഡിനെ അറിയിച്ചതാണെന്നും സച്ചിൻ പറഞ്ഞു.

 സംഭാഷണ ചാതുരിയും സൗന്ദര്യവുമല്ല യോഗ്യത: ഗെലോട്ട്

ഇംഗ്ളീഷ് സംസാരിക്കാനും ടിവി ചാനലുകൾക്ക് ബൈറ്റ് നൽകാനുള്ള കഴിവും കാണാൻ കൊള്ളാവുന്ന മുഖവും പാർട്ടി പ്രവർത്തനത്തിനുള്ള മാനദണ്ഡമല്ലെന്ന് സച്ചിനെ പരാമർശിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. ആശയങ്ങളും അർപ്പണബോധവും ആത്മാർത്ഥതയുമാണ് പ്രധാനം. സച്ചിനെ ഉപയോഗിച്ച് ബി.ജെ.പി കുതിരക്കച്ചവടത്തിന് ശ്രമിച്ചതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്നും ഗെലോട്ട് പറഞ്ഞു.

 വാതിലടച്ചിട്ടില്ല, സച്ചിന് വരാം

നടപടികളുണ്ടായെങ്കിലും പാർട്ടിയുടെ വാതിലുകൾ അടച്ചിട്ടില്ലെന്നും സച്ചിന് മടങ്ങിവരാമെന്നും രാജസ്ഥാന്റെ ചുമതലയുള്ള എ.ഐ.സി.സി നേതാവ് അവിനാശ് പാണ്ഡെ പറഞ്ഞു. സച്ചിൻ ബി.ജെ.പിയുടെ കെണിയിൽ നിന്ന് രക്ഷപ്പെടുമെന്നാണ് പ്രതീക്ഷ.

 ജാഗ്രതയോടെ ബി.ജെ.പി

കോൺഗ്രസ് സർക്കാരിനെ വീഴ്‌ത്താൻ പ്രോത്സാഹനം നൽകുന്ന ബി.ജെ.പി വിമത എം.എൽ.എമാരുടെ നേതൃത്വത്തിൽ സച്ചിനെ മുഖ്യമന്ത്രിയാക്കി പുതിയ സർക്കാരിന് പുറത്തു നിന്ന് പിന്തുണ നൽകാനാണ് പദ്ധതിയിടുന്നതെന്ന് സൂചന. തത്‌ക്കാലം സച്ചിനെ പാർട്ടിയിലെടുക്കാൻ വസുന്ധരെ രാജെ സിന്ധ്യ നേതൃത്വം നൽകുന്ന സംസ്ഥാന ഘടകത്തിന് താത്പര്യമില്ലെന്നറിയുന്നു. വിഭാഗീയതയ്‌ക്ക് ഒട്ടും കുറവില്ലാത്ത പാർട്ടിയെ കൂടുതൽ അപകടത്തിലാക്കുമെന്നതിനാൽ ദേശീയ നേതൃത്വവും നിർബന്ധിച്ചേക്കില്ല.