gold

തിരുവനന്തപുരം: സ്വർണക്കടത്തുകേസിലെ അന്വേഷണം കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും തമ്മിലുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തിൽ മന്ദഗതിയിലാണെന്ന ആരോപണവുമായി കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തി. കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണം എന്തുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീളുന്നില്ലെന്നും ബി ജെ പിക്ക് മുഖ്യമന്ത്രി വിശുദ്ധ പശുവാണോയെന്നും അദ്ദേഹം ചോദിച്ചു.

"കൃത്യമായ ആസൂത്രണത്തോടെ നടന്ന അന്താരാഷ്ട്രമാനങ്ങളുള‌ള കുറ്റകൃത്യമാണ് സ്വർണക്കടത്ത് കേസ്. അതിനാൽ മുഖ്യമന്ത്രിയുടെയും ഓഫീസിന്റെയും പങ്ക് സംബന്ധിച്ച് വ്യക്തത വരുത്തേണ്ടതുണ്ട്. ആവശ്യമെങ്കിൽ മുഖ്യമന്ത്രിയെ തന്നെ ചോദ്യം ചെയ്യണം.മുഖ്യമന്ത്രിയുടെ ഓഫീസിനെ ചുറ്റിപ്പറ്റിയാണ് സ്വർണക്കടത്തിന്റെ എല്ലാ ഇടപാടുകളും നടന്നിരിക്കുന്നത്. കള‌ളക്കടത്ത് സംഘത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായം കിട്ടിയിട്ടുണ്ട്. തീവ്രവാദവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മാത്രം അന്വേഷണം ഒതുങ്ങുന്നത് ഉചിതമല്ല. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഉന്നതങ്ങളിലെ രാഷ്ട്രീയ അഴിമതിയും ഈ സർക്കാർ അധികാരത്തിൽ വന്നശേഷം നടത്തിയിട്ടുള‌ള എല്ലാ നിയമനങ്ങളെ കുറിച്ചും അന്വേഷിക്കണം. കേന്ദ്രത്തിലെ ബി ജെ പി സർക്കാർ മുഖ്യമന്ത്രിയുടെ കാര്യത്തിൽ എന്തിന് അറച്ചു നിൽക്കുന്നു. പൊതുസമൂഹം ഈ കള്ളക്കളി നന്നായി തിരിച്ചറിയുന്നുണ്ട്. വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി എൻ ഐ എയ്ക്ക് തുടർച്ചയായി സ്തുതിഗീതം പാടുകയാണ്. കേന്ദ്ര സർക്കാരിന്റെ നടപടിയെ പ്രകീർത്തിക്കുന്നു. കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടന്നാൽ അത്ഭുതപ്പെടാനില്ല" - മുല്ലപ്പ‌ള‌ളി വ്യക്തമാക്കി.