സാവോ പോളോ : ' തനിക്ക് ഈ ഐസൊലേഷൻ മടുത്തു ...' കഴിഞ്ഞ ദിവസം ബ്രസീലിയയിലെ പ്രസിഡൻഷ്യൽ പാലസിൽ നിന്നും ടെലിഫോൺ ഇന്റർവ്യൂയിലൂടെ മാദ്ധ്യമങ്ങളോട് ബ്രസീൽ പ്രസിഡന്റ് ജെയ്ർ ബൊൽസൊനാരോ പ്രതികരിച്ചത് ഇങ്ങനെയാണ്. 65 കാരനായ ബൊൽസൊനാരോ നേരത്തെ കൊവിഡിനെ ചെറിയ പനിയെന്നാണ് വിശേഷിപ്പിച്ചിരുന്നത്. കഴിഞ്ഞാഴ്ചയാണ് ബൊൽസൊനാരോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അന്ന് മുതൽ ബൊൽസൊനാരോ ക്വാറന്റൈനിലാണ്. പ്രസിഡൻഷ്യൽ പാലസിൽ തന്നെയാണ് ബൊൽസൊനാരോ സെൽഫ് ഐസൊലേഷനിൽ കഴിയുന്നത്.
ഇതിനിടെ ബൊറടി മാറ്റാൻ പ്രസിഡൻഷ്യൽ പാലസിന് ചുറ്റും ഒന്ന് നടക്കാൻ ഇറങ്ങിയ ബൊൽസാനോരോയക്ക് പാലസ് വളപ്പിൽ വളർത്തുന്ന റിയ പക്ഷികൾക്ക് തീറ്റ കൊടുക്കാൻ ഒരു മോഹം. പിന്നെ ഒട്ടും കാത്തുനിന്നില്ല. പക്ഷികൾക്കിടയിലേക്ക് ചെന്ന് അവയ്ക്ക് തീറ്റ കൊടുത്തു. എന്നാൽ തീറ്റ നൽകുന്നതിനിടെയാണ് ഒരു റിയ പക്ഷി പ്രസിഡന്റിന്റെ കൈയ്യിൽ കൊത്തുകയുണ്ടായി. വേദന കൊണ്ട് കൈകുടയുന്ന ബൊൽസൊനാരോയുടെ ചിത്രങ്ങൾ ബ്രസീലിയൻ മാദ്ധ്യമങ്ങൾ പകർത്തുകയും ചെയ്തു.
റിയ പക്ഷിയുടെ കൊത്തേറ്റ ബൊൽസൊനാരോയുടെ ചിത്രങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായി. ബ്രസീലിലെ പ്രതിപക്ഷ പാർട്ടികൾ ബൊൽസൊനാരോയെ പരിഹസിച്ച് രംഗത്ത് വന്നിട്ടുമുണ്ട്.
തെക്കേ അമേരിക്കയിൽ കണ്ടുവരുന്ന പറക്കാൻ കഴിയാത്ത പക്ഷികളാണ് റിയ. എമുവിനോടും ഒട്ടകപക്ഷിയോടും ഇവയ്ക്ക് സാമ്യമുണ്ട്. രാജ്യത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് എതിരായിരുന്നു ബൊൽസൊനാരോ. മാസ്ക് വയ്ക്കുന്നത് തീരെ ഇഷ്ടമല്ലാത്ത ബൊൽസൊനാരോ കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷമാണ് മാസ്ക് ഉപയോഗിക്കുന്നത് പോലും. കഴിഞ്ഞ ദിവസവും മാസ്ക് ധരിച്ച് കൊണ്ടാണ് ബൊൽസൊനാരോ പ്രത്യക്ഷപ്പെട്ടത്. നിലവിൽ 1,933,655 പേർക്കാണ് ബ്രസീലിൽ കൊവിഡ് സ്ഥിരീകരിച്ചത്. 74,336 പേർ മരിച്ചു.