മുംബയ്: റിലയൻസ് പുതിയ ജിയോ ടി.വി പ്ലസ് സേവനം പുറത്തിറക്കി. ജിയോയുടെ വാർഷിക ജനറൽ ബോഡി മീറ്റിംഗിൽ ആകാഷ് അംബാനിയാണ് ജിയോ ടി.വി പ്ലസ് യൂസർ ഇന്റർഫെയ്സ് അവതരിപ്പിച്ചത്. 12 മുൻനിര ഒ.ടി.ടി പ്ലാറ്റ് ഫോമുകൾ ജിയോ ടി.വി പ്ലസിൽ ലഭ്യമാവും. ഉപയോക്താക്കൾക്ക് പരിപാടികളും സിനിമകളും വളരെ എളുപ്പത്തിൽ തിരയാൻ സാധിക്കുമെന്നതാണ് ജിയോ ടി.വി പ്ലസിന്റെ പ്രത്യേകത.
നെറ്റ്ഫ്ളിക്സ്, ആമസോൺ പ്രൈം വീഡിയോ, ഹോട്ട്സ്റ്റാർ തുടങ്ങിയ ഓവർ ദി ടോപ് (ഒ.ടി.ടി) പ്ലാറ്റ്ഫോമുകൾ, ടി.വി ചാനലുകൾ, വിവിധ ആപ്ലിക്കേഷനുകൾ, സേവനങ്ങൾ എന്നിവയെല്ലാം ജിയോ ടി.വി പ്ലസ് എന്ന പ്ലാറ്റ്ഫോമിലൂടെ ലഭ്യമാവും.വിവിധ ഒ.ടി.ടി സേവനങ്ങൾ ജിയോ ടി.വി പ്ലസിലുണ്ടെങ്കിലും ഈ സേവനങ്ങൾക്ക് എല്ലാം കൂടി ഒറ്റ തവണ ലോഗിൻ ചെയ്താൽ മതി.
നെറ്റ്ഫ്ളിക്സിനും, ആമസോൺ പ്രൈമിനും പ്രത്യേകം ലോഗിൻ ചെയ്യേണ്ടതില്ല. വോയ്സ് സെർച്ച് സൗകര്യവും ഇതിലുണ്ട്. ജിയോ ടി.വി പ്ലസിനൊപ്പം ജിയോ ഗ്ലാസ് എന്ന പുതിയ ഉപകരണവും റിലയൻസ് അവതരിപ്പിച്ചിട്ടുണ്ട്. മിക്സഡ് റിയാലിറ്റി സാങ്കേതിക വിദ്യയിൽ അടിസ്ഥാനമാക്കിയുള്ള സേവനങ്ങളാണ് ജിയോ ഗ്ലാസിലുള്ളത്.