tru

വാഷിംഗ്ടൺ: ഹോങ്കോംഗിന് നൽകിയ എല്ലാ പ്രത്യേക പരിഗണനകളും അവസാനിപ്പിക്കുന്ന നിയമത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. ഹോങ്കോംഗിന്റെ സ്വയം ഭരണത്തിൽ ഇടപെട്ട് ചൈന സുരക്ഷാനിയമം നടപ്പിലാക്കിയതിൽ പ്രതിഷേധിച്ചാണ് പുതിയ നീക്കം. ഇതോടെ ചൈനയിൽ നിന്ന് വ്യത്യസ്തമായി ഹോങ്കോംഗിന് നൽകിയിരുന്ന എല്ലാ പരിഗണനകളും ഇല്ലാതാകും.

' ചൈനയ്ക്ക് നൽകുന്ന പരിഗണനകൾ മാത്രമാണ് ഇനി ഹോങ്കോംഗിനും ലഭിക്കുകയുള്ളൂ. ഒരു പ്രത്യേക പരിഗണനയും ഇനി ഹോങ്കോംഗിന് ഇല്ല. പ്രത്യേക സാമ്പത്തിക ഇടപാടുകളില്ല. ചില പ്രത്യേക സാങ്കേതിക വിദ്യകൾ കയറ്റുമതി ചെയ്യുകയുമില്ല' വൈറ്റ് ഹൗസിലെ വാർത്താ സമ്മേളനത്തിൽ ട്രംപ് പറഞ്ഞു. അതേസമയം,​ തെറ്റായ സമീപനമാണ് അമേരിക്ക കൈകൊണ്ടതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വിമർശിച്ചു. ഹോങ്കോംഗ് ചൈനയുടെ ആഭ്യന്തര കാര്യമാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അമേരിക്കയുടെ തീരുമാനത്തിന് ഉചിതമായ മറുപടി ഉണ്ടാകുമെന്നും വിദേശകാര്യ വകുപ്പ് പ്രതികരിച്ചു.