chelsea-win

നോർവിച്ച് സിറ്റിയെ 1-0ത്തിന് തോൽപ്പിച്ച ചെൽസി ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ മൂന്നാംസ്ഥാനത്ത്

ലണ്ടൻ : ഒളിവർ ജിറൂദിന്റെ ഒറ്റ ഗോളിന് നോർവിച്ച് സിറ്റിയെ കീഴടക്കിയ ചെൽസി ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ ലെസ്റ്ററിനെ മറികടന്ന് മൂന്നാം സ്ഥാനത്ത് തുടരുന്നു.

സ്വന്തം തട്ടകമായ സ്റ്റാംഫോഡ് ബ്രിജിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതിക്ക് വിസിൽ മുഴങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു ജിറൂദിന്റെ ഗോൾ. ക്രിസ്റ്റ്യൻ പുലിസിച്ചിന്റെ ഉയർന്ന ക്രോസ് തകർപ്പനൊരു ഹെഡറിലൂടെയാണ് ജിറൂദ് വലയിലാക്കിയത്. കഴിഞ്ഞ മത്സരത്തിൽ ഷെഫീൽഡ് യുണൈറ്റഡിനോട് മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തോറ്റിരുന്ന ചെൽസിയുടെ തിരിച്ചുവരവാണ് ഇൗ ജയം.

ഇതോടെ 36 മത്സരങ്ങളിൽ നിന്ന് ചെൽസിക്ക് 63 പോയിന്റായി. നാലാമതുള്ള ലെസ്റ്റർ സിറ്റിക്ക് 35 മത്സരങ്ങളിൽ നിന്ന് 59 പോയിന്റാണുള്ളത്. 93 പോയിന്റുമായി ലിവർപൂൾ കിരീടം ഉറപ്പിച്ചുകഴിഞ്ഞു. 72 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റിയാണ് രണ്ടാം സ്ഥാനത്ത്.

ഇനിയുള്ള മത്സരങ്ങളിൽ തോൽക്കാതിരുന്നാൽ ചെൽസിക്ക് അടുത്ത സീസൺ യുവേഫ ചാമ്പ്യൻസ് ലീഗിലേക്ക് നേരിട്ട് പ്രവേശനം ഉറപ്പിക്കാം. പ്രിമിയർ ലീഗിലെ ആദ്യ നാല് സ്ഥാനക്കാർക്കാണ് ചാമ്പ്യൻസ് ലീഗിലേക്ക് പ്ളേ ഒാഫ് കൂടാതെ പ്രവേശനം.

ഹെഡ്മാസ്റ്റർ ജിറൂദ്

2012ൽ ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ അരങ്ങേറ്റം കുറിച്ച ഫ്രഞ്ചുകാരനായ ഒളിവർ ജിറൂദ് ഇതുവരെ ഹെഡറുകളിലൂടെ നേടിയത് 31 ഗോളുകളാണ്. ലീഗ് ഇക്കാലയളവിൽ കളിച്ച മറ്റെല്ലവരെയുംകാൾ കൂടുതലാണിത്.

പോയിന്റ് നില

ലിവർപൂൾ 35 -93

മാഞ്ചസ്റ്റർ സിറ്റി 35 -72

ചെൽസി 36 -63

ലെസ്റ്റർ സിറ്റി 35- 59

മാൻ.യുണൈറ്റഡ് 35- 59