കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ നാലാം പ്രതി സന്ദീപ് നായരിൽ നിന്നും പിടിച്ചെടുത്ത ബാഗുകൾ കൊച്ചിയിലെ എൻ.ഐ.എ കോടതിയിൽ പരിശോധിക്കുന്നു. എൻ.ഐ.എ സ്പെഷ്യൽ ജഡ്ജിയുടെ സാന്നിധ്യത്തിലാണ് ബാഗ് തുറന്ന് പരിശോധിക്കുക. ഇതിനായി അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിലെത്തി. ബാഗുകൾ തുറന്ന് പരിശോധിക്കണമെന്ന എൻ.ഐ.എ ആവശ്യം നേരത്തെ കോടതി ഫയലിൽ സ്വീകരിക്കുകയായിരുന്നു.
അതേസമയം എം.ശിവശങ്കറിന്റെ സെക്രട്ടേറിയറ്റിന് സമീപത്തെ ഫ്ലാറ്റിൽ കസ്റ്റംസ് രണ്ടാം തവണയും പരിശോധന നടത്തി. ശിവശങ്കർ ചെയർമാനായിരുന്ന കേരള ഐ.ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിലും കസ്റ്റംസ് റെയ്ഡ് നടത്തി. സി.സി.ടി.വി ദൃശ്യങ്ങളും ഹാർഡ് ഡിസ്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന. പ്രതികൾക്ക് ഫ്ലാറ്റ് എടുത്തുനൽകിയത് എന്തിനെന്ന ചോദിച്ച് അറിയുകയാണ് പ്രധാന ലക്ഷ്യം.സ്വർണക്കടത്തിൽ സ്വർണം വിൽക്കുന്നതും പണം മുടക്കിയവർക്ക് ലാഭവിഹിതം എത്തിക്കുന്നതും ജലാലാണ്.സ്വർണം കടത്താനുപയോഗിച്ച അംജത് അലിയുടെ കാർ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്.