sulthan

അബുദാബി: കൊവിഡ് പോരാട്ടം മുന്നിൽ നിന്ന് നയിക്കുന്ന ആരോഗ്യ പ്രവർത്തകരെയും സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്ന രാജ്യത്തെ ജനങ്ങളെയും അഭിനന്ദിച്ചുകൊണ്ട് അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപസൈന്യാധിപനുമായ ഷൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‍യാന്റെ ട്വീറ്റ്. രാജ്യത്ത് ഇരുപത്തിനാലുമണിക്കൂറിനിടെ ഒരു കൊവിഡ് മരണംപോലും സംഭവിക്കാത്തതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. കൊവിഡ് മരണങ്ങൾ ഉണ്ടാവാത്തതിൽ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം കൊവിഡ് എന്ന വെല്ലുവിളി അതിജീവിക്കുന്നതിനു‌ള‌ള കൂട്ടായ പരിശ്രമങ്ങൾ തുടരുമെന്നും വ്യക്തമാക്കി.

ഈ വർഷം ജനുവരി 29 നാണ് യു എ ഇയിൽ ആദ്യ കൊവിഡ് പോസീറ്റീവ് കേസ് റിപ്പോർട്ടുചെയ്യുന്നത്. കൊവിഡ് റിപ്പോർട്ടുചെയ്ത ആദ്യ ഗൾഫ് രാജ്യവും യു എ ഇയാണ്. 55,573 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 335 പേർ മരണത്തിന് കീഴടങ്ങിയപ്പോൾ 46,025 പേർ രോഗമുക്തരായി എന്നാണ് റിപ്പോർട്ട്. പരിശോധനകളുടെ എണ്ണം കൂട്ടിയതും ക്വാറന്റൈനും യാത്രാവിലക്കും കർശനമായി നടപ്പാക്കിയതുമാണ് യു എ ഇ കൊവിഡിനെ നിയന്ത്രണവിധേയമാക്കിയത്.