തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ഭീതി പരത്തി കൊവിഡ് വ്യാപനം തുടരുന്നു. ഇതുവരെയുളള ദിനങ്ങളിൽ ഏറ്റവുമധികം രോഗബാധ റിപ്പോർട്ട് ചെയ്ത ദിനമാണിന്ന്. 623പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 432 പേർക്ക് രോഗം സമ്പർക്കത്തിലൂടെയാണ്.രോഗബാധിതരിൽ 96 പേർ വിദേശരാജ്യങ്ങളിൽ നിന്നും വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ 76 പേരുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രോഗം ബാധിച്ച് ഒരാൾ മരിച്ചു. ഇടുക്കി രാജാക്കാട് സ്വദേശിനി വൽസമ്മ ജോയി കൊവിഡ് ബാധിച്ച് മരിച്ചു. 9 ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. 9ഡി എസ് സി ജവാന്മാർക്കും രോഗബാധയുണ്ട്.
196 പേർ രോഗമുക്തി നേടി. രോഗബാധിതരായവരിൽ തിരുവനന്തപുരത്ത് 157 പേർ, കാസർഗോഡ് 74, എറണാകുളം72, പത്തനംതിട്ട 64, കോഴിക്കോട് 64,ഇടുക്കി 55, കണ്ണൂർ 35,കോട്ടയം 25, ആലപ്പുഴ 20, പാലക്കാട് 19,മലപ്പുറം 18, കൊല്ലം 11, തൃശ്ശൂർ 5, വയനാട് 4. 37 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 60 ശതമാനം രോഗികൾക്ക് രോഗലക്ഷണമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
9553 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 16 പ്രദേശങ്ങൾ പുതുതായി ഹോട്ട്സ്പോട്ടായി മാറി. ഇതോടെ സംസ്ഥാനത്തെ ഹോട്ട്സ്‌പോട്ടുകളുടെ എണ്ണം 234 ആയി. 4880 പേർ ചികിത്സയിലാണ്.'ബ്രേക്ക് ദി ചെയിൻ' മൂന്നാം ഘട്ടം മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ആരിൽ നിന്നും രോഗം പകരാം എന്ന വസ്തുത മനസ്സിലാക്കണം. ജീവന്റെ വിലയുളള ജാഗ്രത എന്ന മുദ്രാവാക്യം ഏവരും ഏറ്റെടുത്ത് കൊവിഡ്-19നെതിരായ പ്രതിരോധം തുടരാനാകണം.
24 മണിക്കൂറിനിടെ 16444 സാമ്പിളുകൾ പരിശോധിച്ചു. 1,84,601 പേർ നിരീക്ഷണത്തിലാണ്. 4989 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. 2,60,356 സാമ്പിളുകൾ ഇതുവരെ പരിശോധനക്കയച്ചു. 7485 സാമ്പിൾ ഫലങ്ങൾ വരാനുണ്ട്. 602 പേർ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു.
തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരമാണ്. ഇവിടെ മറ്റ് പകർച്ചാവ്യാധികളും കൂടുന്നുണ്ട്. ഡെങ്കിപനി ഇവിടെ വർദ്ധിക്കുന്നുണ്ട്. ഗ്രീൻഫീൽഡ് സ്റ്റേഡിയം ചികിത്സാ കേന്ദ്രമാക്കി മാറ്രും. പൂന്തുറ സെന്റ് തോമസ് സ്കൂളും പ്രത്യേക കൊവിഡ് ആശുപത്രിയാക്കും.
പത്തനംതിട്ടയിൽ കുമ്പഴയാണ് രോഗബാധ കൂടിയ സ്ഥലം. ജില്ലയിൽ ഒരാളിൽ നിന്ന് 14 പേർക്ക് രോഗമുണ്ടായി. പൊന്നാനി താലൂക്കിൽ റാപ്പിഡ് ആന്റിജൻ ടെസ്റ്റുകൾ നടക്കുന്നു.