റയൽ മാഡ്രിഡും ബാഴ്സലോണയും ഇന്ന് കളത്തിൽ
മാഡ്രിഡ് : സ്പാനിഷ് ലാ ലിഗ ഫുട്ബാളിലെ ഇൗ സീസൺ ചാമ്പ്യന്മാർ ആരെന്ന് ഇന്ന് ഏറെക്കുറെ അറിയാനാകും. പോയിന്റ് പട്ടികയിൽ മുന്നിൽ നിൽക്കുന്ന റയൽ മാഡ്രിഡും ബാഴ്സലോണയും ഇന്ന് രാത്രി ഇന്ത്യൻ സമയം 12.30ന് തങ്ങളുടെ സീസണിലെ 37-ാമത് മത്സരത്തിനിറങ്ങും. 38 മത്സരങ്ങളാണ് ഒരു ടീമിന് സീസണിലുള്ളത്.
റയലിന് വിയ്യാറയലും ബാഴ്സയ്ക്ക് ഒസാസുനയുമാണ് ഇന്നത്തെ എതിരാളികൾ. റയലിന് ബാഴ്സയെക്കാൾ നാല് പോയിന്റ് ലീഡാണ് ഇപ്പോൾ ഉള്ളത്. ഇരുവർക്കും ശേഷിക്കുന്നത് രണ്ട് മത്സരങ്ങൾ വീതവും. റയലിന് ഇന്ന് വിയ്യാറയലിനെ തോൽപ്പിക്കാനായാൽ കിരീടം ഉറപ്പാണ്. വിയ്യാറയലിനെതിരെ തോറ്റാലും അവസാനമത്സരത്തിൽ ലെഗനേസിനെ തോൽപ്പിച്ച് കിരീടത്തിലെത്താം.
ബാഴ്സ രണ്ട് കളിയും ജയിക്കുകയും റയൽ രണ്ടും സമനിലയിലായാലും ഇരുവർക്കും 85 പോയിന്റ് വീതമാകും. എങ്കിലും ഗോൾ ശരാശരിയേക്കാൾ ലാ ലിഗ ചാമ്പ്യന്മാരെ നിശ്ചയിക്കുന്നതിൽ പരിഗണിക്കുന്നത് നേർക്കുനേർ പോരാട്ടഫലമാണെന്നതിനാൽ കിരീടം റയലിന്റെ അലമാരയിലെത്തും.
പോയിന്റ് നില
(ടീം ,കളി, പോയിന്റ്)
റയൽ മാഡ്രിഡ് 36- 83
ബാഴ്സലോണ 36-79
അത്‌ലറ്റിക്കോ 36-66
സെവിയ്യ 36- 66
വിയ്യാറയൽ 36-57
ഇന്നത്തെ പ്രധാന മത്സരങ്ങൾ
ബാഴ്സലോണ Vs ഒസാസുന
റയൽ മാഡ്രിഡ് Vs വിയ്യാറയൽ
അത്‌ലറ്റിക്കോ Vs ഗെറ്റാഫെ
വലൻസിയ Vs എസ്പാന്യോൾ
സോസിഡാഡ് Vs സെവിയ്യ
(രാത്രി 12.30 മുതൽ ഫേസ്ബുക്ക് ലൈവ്)