തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ഫോൺ കസ്റ്റംസ് പിടിച്ചെടുത്തതായി റിപ്പോർട്ട്. ഇന്നലെ ചോദ്യം ചെയ്യലിനിടെയാണ് ശിവശങ്കറിന്റെ ഫോൺ പടിച്ചെടുത്തത്. നേരത്തെ സ്വർണക്കടത്തു കേസിലെ പ്രതികൾക്ക് സെക്രട്ടേറിയറ്റിന് സമീപം മുറിയെടുത്ത് കൊടുത്തത് ശിവശങ്കർ പറഞ്ഞിട്ടാണെന്ന് മുൻ ഐ.ടി ഫെല്ലോ അരുൺ ബാലചന്ദ്രൻ വെളിപ്പെടുത്തിരുന്നു. ഇത് സംബന്ധിച്ച വാട്സാപ്പ് ചാറ്റിന്റെ ചിത്രങ്ങളും പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഫോൺ കസ്റ്റഡിയിൽ എടുത്തതായുള്ള വിവരം പുറത്തുവരുന്നത്.
എന്നാൽ ചോദ്യം ചെയ്യലിന് ശേഷവും ഫോൺ കസ്റ്റംസ് വിട്ടുനൽകിയിട്ടില്ല. സിഡാക്കിൽ ഫോൺ ഫൊറൻസിക്ക് പരിശോധനയ്ക്ക് നൽകും. മറ്റ് പ്രതികളുടെ ഫോണുകൾക്കൊപ്പം കസ്റ്റംസ് കമ്മീഷണറുടെ അനുമതിയോടെ ശിവശങ്കറിന്റെ ഫോണും അയയ്ക്കാനാണ് തീരുമാനം. സ്വർണക്കടത്ത് പ്രതികളെ ശിവശങ്കർ സഹായിച്ചിട്ടുണ്ടോയെന്ന് വ്യക്തമാകുന്നതിനാണ് ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നത്.
നയതന്ത്ര ചാനലിലൂടെ നടന്ന സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിന് കസ്റ്റംസ് ഇതുവരെ ക്ലീൻ ചിറ്റ് നൽകിയിട്ടില്ല. സ്വപ്നയുമായി അടുത്ത സൗഹൃദമുണ്ടെന്ന് ശിവശങ്കർ കസ്റ്റംസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഫോൺ വിളികൾക്ക് കള്ളക്കടത്തുമായി ബന്ധമുണ്ടന്ന് തെളിയിക്കുന്ന തെളിവുകൾ കിട്ടിയിട്ടില്ല. ഫോൺ പരിശോധനയിലൂടെ കൂടുതൽ വ്യക്തത കൈവരുമെന്നാണ് കസ്റ്റംസ് വിലയിരുത്തൽ.