excise-arrest

കൊല്ലം : കൊല്ലം നഗരത്തിലെ പള്ളിമുക്കില്‍ ജ്യൂസ് കച്ചവടത്തിന്റെ മറവില്‍ കഞ്ചാവുള്‍പ്പടെയുള്ള ലഹരി വസ്തുക്കള്‍ വിറ്റ കാസര്‍കോട് സ്വദേശികളായ രണ്ട് യുവാക്കളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് സ്വദേശികളായ മഞ്ചേശ്വരം സാജിതാ മന്‍സിലില്‍ യാക്കൂബ്, മഞ്ചേശ്വരം മുബാറക്ക് മന്‍സിലില്‍ അനീഫ് എന്നിവരെയാണ് 4 കിലോഗ്രാം കഞ്ചാവും 10 ഗ്രാം ഹാഷിഷ് ഓയിലുമായി എക്‌സൈസ് പിടികൂടിയത്. ലഹരി വസ്തുക്കളുമായി ഇവര്‍ കാറില്‍ കാസര്‍കോടുനിന്നും കൊല്ലത്തേക്ക് യാത്ര ചെയ്യുന്നു എന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. എന്നാല്‍ പരിശോധന നടത്തിയ സംഘത്തെ വെട്ടിച്ച് കടന്ന യുവാക്കളെ കൊല്ലം തട്ടാമലയിലുള്ള വാടക വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെത്തിയ കാറിന്റെ സ്‌റ്റെപ്പിനി ടയറിനുള്ളിലാണ് ലഹരി വസ്തുക്കള്‍ ഒളിപ്പിച്ചത്.

കൊല്ലം എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കൃഷ്ണകുമാര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജോസ് പ്രതാപ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സതീഷ് ചന്ദ്രന്‍, ഹവേഴ്‌സണ്‍ ലാസര്‍, ദിലീപ് കുമാര്‍, അനീഷ് എന്നിവരടങ്ങിയ എക്‌സൈസ് സംഘമാണ് ലഹരി വേട്ടയ്ക്ക് നേതൃത്വം നല്‍കിയത്.