vaccine

ഷിക്കാഗോ: കൊവിഡ്-19 നെതിരെ യു.എസ് വികസിപ്പിക്കുന്ന ആദ്യ വാക്‌സിന്റെ ഒന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം വിജയം.വാക്‌സിന്‍ നിര്‍മാതാക്കളായ മോഡോണ ഇന്‍കോര്‍പ്പറേറ്റഡ് നിര്‍മിക്കുന്ന പരീക്ഷണ വാക്‌സിന്‍ സുരക്ഷിതമാണെന്നും ശരീരത്തില്‍ പ്രതിരോധ ശേഷി ഉണ്ടാക്കുന്നതില്‍ വിജയിക്കുന്നുണ്ടെന്നുമാണ് തെളിഞ്ഞത്. 45 വോളന്റിയര്‍മാരില്‍ നടത്തിയ പരീക്ഷണത്തിന്റെ റിപ്പോര്‍ട്ടാണ് ചൊവ്വാഴ്ച പുറത്തു വന്നത്. രണ്ട് ഡോസ് വാക്‌സിനാണ് വോളന്റിയര്‍മാരില്‍ കുത്തിവെച്ചത്.

കൊവിഡ്-19 ബാധിച്ചു സുഖപ്പെട്ടവരുടെ ശരീരത്തില്‍ കാണുന്നതിനെക്കാള്‍ കൂടുതല്‍ ആന്റിബോഡികള്‍ വാക്‌സിന്‍ പരീക്ഷിച്ചവരുടെ ശരീരത്തില്‍ രൂപപ്പെട്ടെന്നാണ് വിവരം. യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്. വാക്‌സിന്‍ കുത്തിവെച്ചവരില്‍ വലിയ പാര്‍ശ്വഫലങ്ങളുമുണ്ടായില്ല. ക്ഷീണം, തലവേദന, ശരീരവേദന തുടങ്ങിയ ചെറിയ പാര്‍ശ്വഫലങ്ങള്‍ മാത്രമാണ് പകുതിയോളം പേരില്‍ അനുഭവപ്പെട്ടത്.കൊവിഡ്-19നെതിര ലോകത്തു തന്നെ ക്ലിനിക്കല്‍ പരീക്ഷണം ആരംഭിച്ച ആദ്യ വാക്‌സിനാണ് മോഡേണയുടേത്. മാര്‍ച്ച് 16നായിരുന്നു വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ആരംഭിച്ചത്. വാക്‌സിന്‍ ഗവേഷണത്തിന് നേതൃത്വം നല്‍കിയ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്റ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് ഡയറക്ടര്‍ അടക്കമുള്ളവര്‍ ഗവേഷണഫലത്തില്‍ സന്തോഷം രേഖപ്പെടുത്തി.വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ മോഡേണയുടെ ഓഹരി വില 15 ശതമാനത്തോളം ഉയര്‍ന്നു.

കൊവിഡ് വാക്‌സിന്‍ ഗവേഷണത്തിനായി യു.എസ് ഫെഡറല്‍ സര്‍ക്കാര്‍ 500 കോടി ഡോളറോളമാണ് മസാച്ചുസെറ്റ്‌സ് ആസ്ഥാനമായുള്ള മോഡേണയ്ക്ക് നല്‍കുന്നത്. കമ്പനിയുടെ ആദ്യ വാക്‌സിന്‍ കൂടിയാണിത്. പരീക്ഷണത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ കൂടി വിജയിച്ച് നിര്‍മാണ അനുമതി നേടിയാല്‍ ആദ്യ വര്‍ഷം തന്നെ 50 കോടി ഡോസ് വാക്‌സിന്‍ ഉത്പാദിപ്പിക്കാനാണ് പദ്ധതി. ജൂലൈ 27ന് തുടങ്ങാനിരിക്കുന്ന മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തില്‍ 30,000ത്തോളം വോളന്റിയര്‍മാരില്‍ വാക്‌സിന്‍ പരീക്ഷിക്കും.