covid-cases-

കേരളത്തില്‍ കൊവിഡ് പോസിറ്റീവ് കേസുകളില്‍ വന്‍ വര്‍ദ്ധനവാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായുള്ളത്. കഴിഞ്ഞ ആഴ്ചകളിലേതിന് വ്യത്യസ്തമായി സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവരുടെ എണ്ണം വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തി രോഗികളാവുന്നവരുടെ എണ്ണത്തിനേക്കാള്‍ വര്‍ദ്ധിക്കുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. എന്നാല്‍ കൊവിഡ് കേസുകളില്‍ സര്‍ക്കാര്‍ പുറത്തുവിടുന്ന എണ്ണത്തില്‍ സംശയമുന്നയിക്കുന്നവരുമുണ്ട്. പ്രധാനമായും പ്രതിപക്ഷ കക്ഷികളില്‍പ്പെട്ട നേതാക്കളാണ് ഇത്തരം സംശയങ്ങള്‍ പ്രകടിപ്പിക്കുന്നത്. കൊവിഡ് ടെസ്റ്റുകളുടെ എണ്ണം കുറച്ചുകൊണ്ട് സംസ്ഥാനത്ത് കേസുകളുടെ എണ്ണം കുറച്ചു കാണിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്നതായിരുന്നു ആരോപണം. ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ ടെസ്റ്റുകളുടെ എണ്ണം ഗണ്യമായ തോതില്‍ വര്‍ദ്ധിപ്പിച്ചിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളില്‍ പലതും അവിശ്വസനീയമാണെന്ന ആരോപണം ഉന്നയിക്കുകയാണ് കോണ്‍ഗ്രസ് നേതാവായ പി സി വിഷ്ണുനാഥ്. ജൂലായ് പന്ത്രണ്ടിന് സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക് പ്രകാരം പരിശോധനയ്ക്ക് അയച്ച ആകെ സാമ്പിളുകളുടെ എണ്ണം 347529 ആണ് ഇതില്‍ 435 പോസിറ്റീവ് കേസുകളായി, എന്നാല്‍ ജൂലായ് 13 ലെ സര്‍ക്കാര്‍ കണക്ക് പ്രകാരം പരിശോധനയ്ക്ക് അയച്ച സാമ്പിളുകള്‍ 416282 ആണ്, 445 പോസിറ്റീവ് കേസുകളും. ഒറ്റ ദിവസംകൊണ്ട് 68753 സാമ്പിളിന്റെ വര്‍ധനവ് എങ്ങനെയുണ്ടായി ? അപ്പോഴും പോസിറ്റീവ് കേസുകള്‍ 445 മാത്രമാണെന്നും അദ്ദേഹം സംശയം ഉന്നയിക്കുന്നു. കൊവിഡ് കേസുകളുടെ കണക്കുകളില്‍ എവിടെയൊക്കെയോ എന്തൊക്കെയോ പൊരുത്തക്കേടുകളുണ്ടെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കോവിഡ് കണക്കുകളില്‍ കൃത്രിമമോ ?

സംസ്ഥാനത്ത് കോവിഡ് ടെസ്റ്റുകള്‍ കുറച്ച്, കേസുകള്‍ കുറച്ചു കാണിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന ആരോപണം നിലനില്‍ക്കെയാണ് ജൂണ്‍ മാസത്തില്‍ കോവിഡ് ടെസ്റ്റുകളില്‍ വര്‍ധനവ് വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതില്‍ തന്നെ ജൂലൈ ആറ് മുതലാണ് വലിയ തോതില്‍ വര്‍ധനവുണ്ടായത്.

എന്നാല്‍ ഈ അടുത്ത ദിവസങ്ങളില്‍ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പലതും അവിശ്വസനീയമാണ്.

ജൂലൈ 12ന് സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക് പ്രകാരം പരിശോധനയ്ക്ക് അയച്ച ആകെ സാമ്പിളുകള്‍ 347529 ആണ്. 435 പോസിറ്റീവ് കേസുകളും.

എന്നാല്‍ ജൂലൈ 13 ലെ സര്‍ക്കാര്‍ കണക്ക് പ്രകാരം പരിശോധനയ്ക്ക് അയച്ച സാമ്പിളുകള്‍ 416282 ആണ്. 445 പോസിറ്റീവ് കേസുകളും.

ഒറ്റ ദിവസംകൊണ്ട് 68753 സാമ്പിളിന്റെ വര്‍ധനവ് എങ്ങനെയുണ്ടായി ? അപ്പോഴും പോസിറ്റീവ് കേസുകള്‍ 445 മാത്രമാണ്.

സര്‍ക്കാര്‍ രേഖ പ്രകാരം 12680 പേരുടെ സാമ്പിള്‍ പരിശോധിച്ചപ്പോള്‍ 435 പോസിറ്റീവും 68753 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ച ദിവസം 445 പോസിറ്റീവും.

എവിടെയൊക്കെയോ എന്തൊക്കെയോ പൊരുത്തക്കേടുകള്‍...

- പി സി വിഷ്ണുനാഥ്