മുംബയ്: മാദ്ധ്യമസ്ഥാപനമായ ഹിന്ദു ഗ്രൂപ്പ് പബ്ലിഷിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർപേഴ്സണായി മാലിനി പാർത്ഥസാരഥിയെ (62) നിയമിച്ചു. 75 വയസ് തികഞ്ഞതിനെ തുടർന്ന് ഡയറക്ടർ ബോർഡ് ചെയർമാൻ സ്ഥാനമൊഴിഞ്ഞ എൻ. റാമിന് പകരമായാണ് നിയമനം.
2013-16 കാലയളവിൽ ഹിന്ദു പത്രത്തിന്റെ ഏക വനിതാ എഡിറ്ററായിരുന്നു മാലിനി. മാലിനി എഡിറ്ററായിരുന്നപ്പോഴാണ് പത്രത്തിന്റെ മുംബയ് എഡിഷൻ 2015 നവംബറിൽ പ്രസിദ്ധീകരണം ആരംഭിക്കുന്നത്. 1905ൽ ഹിന്ദുപത്രം വാങ്ങിയ കസ്തൂരിരംഗ അയ്യങ്കാരുടെ മകൻ കസ്‌തൂരി ശീനിവാസന്റെ കൊച്ചുമകളാണ് മാലിനി. അമേരിക്കയിലെ കൊളംബിയ സർവകലാശാലയിൽ നിന്ന് പത്രപ്രവർത്തനത്തിൽ എം.എസ് ബിരുദവും ഡൽഹി ജെ. എൻ.യുവിൽ നിന്ന് പൊളിറ്റിക്കൽ സ്റ്റഡീസിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്.