' ക്രൂക്ക്ഡ് ഫോറസ്‌റ്റ് ' എന്ന് കേട്ടിട്ടുണ്ടോ ? പടിഞ്ഞാറൻ പോളണ്ടിലെ ചെറുപട്ടണമായ ഗ്രിഫിനോയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പേരു പോലെ തന്നെ വളഞ്ഞ മരങ്ങളാണ് ഈ വനത്തിന്റെ പ്രത്യേകത. വളഞ്ഞ മരങ്ങൾ സാധാരണമാണ്. എന്നാൽ ഇവിടുത്തെ മരങ്ങൾ തികച്ചും അസാധാരണമാണ്.
ഇവിടുത്തെ 400 പൈൻ മരങ്ങൾക്കും അതിന്റെ താഴെത്തെ തടി ഭാഗത്ത് മാത്രം ഒരേ പോലെ വടക്കോട്ട് 90 ഡിഗ്രി ചരിവുണ്ട്. ! ക്രൂക്കഡ് ഫോറസ്‌റ്റിന് ചുറ്റുമുള്ള വനത്തിലാകട്ടെ യാതൊരു കുഴപ്പവുമില്ലാത്ത പൈൻ മരങ്ങളും. എങ്ങനെയാണ് ക്രൂക്കഡ് ഫോറസ്‌റ്റെന്നറിയപ്പെടുന്ന ഭാഗത്തെ മരങ്ങൾക്ക് മാത്രം ഇങ്ങനെയൊരു വിചിത്ര രൂപം ലഭിക്കാൻ കാരണമെന്ന് ആർക്കും അറിയില്ല.
ഏകദേശം 1930ലാണ് ഈ 400 മരങ്ങളും നട്ടത്. 7 മുതൽ 10 വരെ വർഷം ഈ മരങ്ങൾ സാധാരണ ഗതിയിൽ തന്നെ വളർന്നിരിക്കാമെന്നും മനുഷ്യന്റെ ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകളാകാം ഇവയുടെ വളവിന് കാരണമായതെന്നും അനുമാനിക്കപ്പെടുന്നു. താഴത്തെ വളവൊഴിച്ചാൽ മുകളിലേക്ക് നീണ്ട് വളർന്നിരിക്കുന്ന ഈ മരങ്ങൾക്ക് യാതൊരു കേടുപാടും ഇല്ല.
ക്രൂക്കഡ് ഫോറസ്‌റ്റ് സ്ഥിതി ചെയ്യുന്ന ഗ്രിഫിനോ രണ്ടാം ലോകമഹായുദ്ധക്കാലത്ത് ജർമനിയുടെ അധിനിവേശത്തിൽ പൂർണമായും നശിച്ചിരുന്നു. 1970ന് ശേഷമാണ് ഇവിടം പഴയ സ്ഥിതിയിലേക്ക് മടങ്ങിയെത്തിയത്. അതു കൊണ്ട് തന്നെ ഇക്കാലയളവിൽ ഇവിടുത്തെ മരങ്ങൾക്കെന്ത് സംഭവിച്ചു എന്ന് ആർക്കും അറിയില്ല. ഏതെങ്കിലും ഉപകരണങ്ങളോ സാങ്കേതിക വിദ്യകളോ ആകാം മരങ്ങളുടെ വളവിന് കാരണമായതെന്ന് പറയപ്പെടുന്നു.
കുറേ കർഷകർ ഈ മരങ്ങളെ ഇവിടെ നട്ടുവെന്നും അവർ തന്നെയാണ് മരങ്ങൾക്ക് ഇത്തരം ഒരു വളവ് വരുത്തിയെതെന്നും വാദമുണ്ട്. പ്രദേശത്തെ ഗുരുത്വാകർഷണവും ശക്തമായ മഞ്ഞു വീഴ്‌ചയും കാരണമായി ചൂണ്ടിക്കാട്ടുന്നവരും കുറവല്ല. യുദ്ധ സമയം ഈ മരങ്ങൾക്കു മുകളിലൂടെ ശത്രുക്കളുടെ ടാങ്കുകൾ കടന്നു പോയെന്നും തുടർന്ന് ഈ മരങ്ങൾ വളഞ്ഞ് വളരുകയുമായിരുന്നെന്നും മറ്റു ചിലർ പറയുന്നു. എന്നാൽ നിലവിൽ പറയപ്പെടുന്ന കാരണങ്ങൾ എല്ലാം തന്നെ സാങ്കല്‌പ്പികം മാത്രമാണ്. ഈ വാദങ്ങൾക്കൊന്നും തന്നെ ശാസ്ത്രീയമായ യാതൊരു വിശദീകരണവും ഇല്ല.