ന്യൂഡല്‍ഹി : ഇന്ത്യ ചൈന അതിര്‍ത്തിയായ യഥാര്‍ത്ഥ നിയന്ത്രണ രേഖ (എല്‍എസി) യില്‍ രണ്ട് മാസമായി നിലനിന്ന സംഘര്‍ഷത്തിന് അയവ്. പതിനാല് മണിക്കൂറിലേറെ നീണ്ടുനിന്ന സൈനിക കമാന്‍ഡര്‍ തല ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇന്ത്യയുടെ വാദങ്ങള്‍ക്ക് മുമ്പില്‍ ചൈന വഴങ്ങിയത്. ഇതേ തുടര്‍ന്ന് ഇരു രാജ്യങ്ങളും മുഖാമുഖം നില്‍ക്കുന്ന കിഴക്കന്‍ ലഡാക്കിലെ എല്ലാ ഫ്‌ളാഷ് പോയിന്റുകളില്‍ നിന്നുമുള്ള സൈനിക പിന്‍മാറ്റം പൂര്‍ണമായി ഇരു രാജ്യങ്ങളും ഉറപ്പാക്കും. ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ മേയ് മാസത്തോടെ ഏകപക്ഷീയമായി ചൈനീസ് സേന കൂടാരം നിര്‍മ്മിച്ച് തമ്പടിച്ചതോടെയാണ് ഇരു രാജ്യങ്ങളും തമ്മില്‍ പുതിയ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. സൈനിക തലത്തില്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ജൂണ്‍ പതിനഞ്ചിന് ഗല്‍വാനിലുണ്ടായ രക്തരൂക്ഷിതമായ സംഘട്ടനത്തില്‍ ഇരുപത് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതോടെയാണ് ഇന്ത്യ നടപടി കടുപ്പിച്ചത്. സംഘര്‍ഷത്തില്‍ ചൈനയ്ക്കും കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായെങ്കിലും വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവന്നിരുന്നില്ല.
ഗല്‍വാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് യുദ്ധസമാനമായ സൈനിക നീക്കമാണ് ഇന്ത്യ നടത്തിയത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ അതിര്‍ത്തിയില്‍ ചൈനയെ വെല്ലുന്ന സൈനിക ശേഷി തങ്ങള്‍ക്കുണ്ടെന്ന് തെളിയിക്കാന്‍ ഇന്ത്യയ്ക്കായി. അമേരിക്കയുള്‍പ്പടെയുള്ള ലോകരാജ്യങ്ങളും ഇന്ത്യയ്ക്ക് പിന്തുണ നല്‍കിയതോടെയാണ് ചൈന പിന്‍വാങ്ങാന്‍ ഒരുങ്ങിയത്. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചൈനീസ് വിദേശകാര്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ചൈന പിന്‍വാങ്ങാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഗല്‍വാന് മേഖലയില്‍ രണ്ട് കിലോമീറ്ററോളം ചൈന സൈനികരെ പിന്‍വലിച്ചു. എന്നാല്‍ അതിര്‍ത്തിയിലുടനീളം മുന്നേറ്റ നിരകളില്‍ ഇത്തരത്തില്‍ സൈനിക പിന്‍മാറ്റം വേണമെന്ന് ഇന്ത്യ ആവശ്യമുന്നയിച്ചു. കഴിഞ്ഞ ദിവസം ആരംഭിച്ച സൈനിക തല ചര്‍ച്ചയില്‍ ഇന്ത്യ ഉയര്‍ത്തിയ ഈ വാദത്തിനോടും ചൈന അനുകൂലമായി പ്രതികരിച്ചതായാണ് പുറത്തു വരുന്ന വിവരങ്ങള്‍. പാംഗോങ് മലനിരകളിലും സൈനികരെ ഇരു രാജ്യങ്ങളും കുറയ്ക്കാന്‍ ധാരണയായിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.
എന്നാല്‍ ചൈന പിന്‍വലിയുമ്പോഴും അതിര്‍ത്തി മേഖലയിലെ റോഡു നിര്‍മ്മാണം അതി വേഗതയിലാക്കാനാണ് ഇന്ത്യന്‍ നീക്കം. ബ്രഹ്മപുത്ര നദിക്കടിയിലൂടെ തുരങ്കം നിര്‍മ്മിക്കാനുള്ള ഇന്ത്യന്‍ പദ്ധതിയെ കുറിച്ചും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.