തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഉപദേശകവൃന്ദത്തിലേക്ക് ഒരു നിയമനം കൂടി. മുന്‍ ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദനെയാണ് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിച്ചു കൊണ്ട് ഉത്തരവിറങ്ങിയത്. കൊവിഡ് പശ്ചാത്തലത്തിലാണ് ഈ നിയമനമെന്നതാണ് ശ്രദ്ധേയം. സംസ്ഥാനത്ത് നിപ്പ രോഗം ഭീതിപരത്തിയപ്പോള്‍ അന്ന് ആരോഗ്യ സെക്രട്ടറിയായിരുന്ന രാജീവ് സദാന്ദന്റെ പ്രവര്‍ത്തനം ഏറെ ഗുണകരമായിരുന്നു, ഇത് കണക്കിലെടുത്താണ് ഇപ്പോള്‍ ഉപദേഷ്ടാവായി നിയമിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനം.
കൊവിഡുമായിട്ടു ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിക്ക് ഉപദേശം നല്‍കുകയാണ് അദ്ദേഹത്തിന്റെ ചുമതല. ആരോഗ്യസെക്രട്ടറിയുമായി കൂടിയാലോചിച്ചായിരിക്കും പ്രവര്‍ത്തനം. മുഖ്യമന്ത്രി കനത്ത പ്രതിഫലവും, സൗകര്യങ്ങളും നല്‍കി ഉപദേഷ്ടാക്കളെ നിയമിക്കുന്നു എന്ന ആരോപണം ഉയര്‍ന്നു നില്‍ക്കേ ഇപ്പോള്‍ രാജീവ് സദാന്ദനെ നിയമിച്ചിരിക്കുന്നത് ശമ്പളരഹിതമായിട്ടാണ്, പ്രതിഫലം ലഭിക്കില്ലെങ്കിലും ടൂറിസം വകുപ്പില്‍ നിന്നും വാഹനം അദ്ദേഹത്തിന് ലഭിക്കും.
സ്പ്രിംഗ്‌ളര്‍ ആരോപണമുണ്ടായപ്പോഴും, ഇപ്പോള്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ നിയമിച്ചതുമായി ബന്ധപ്പെട്ട് മാറ്റി നിര്‍ത്തപ്പെട്ട ശിവശങ്കറിന്റെ നടപടിയെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയമിച്ച രണ്ടംഗ സംഘത്തിലും രാജീവ് സദാന്ദനെ ഉള്‍പ്പെടുത്തിയിരുന്നു.