
ന്യൂഡൽഹി : തങ്ങളുടെ എല്ലാ ഓഫീസുകളും ജൂലായ് 20 മുതൽ പൂർണതോതിൽ പ്രവർത്തനമാരംഭിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. എയർ ഇന്ത്യ ഓഫീസുകളിൽ ജൂലായ് 20 മുതൽ ജോലിക്ക് എത്താത്ത ജീവനക്കാർക്ക് ഹാജർ രേഖപ്പെടുത്തില്ല. ഓഫീസിൽ എത്താൻ സാധിക്കാത്ത ജീവനക്കാർക്ക് ലീവിന് അപേക്ഷിക്കാം. അതേ സമയം, കണ്ടെയ്ൻമെന്റ് സോണുകളിൽ താമസിക്കുന്ന ജീവനക്കാർക്ക് ഇളവുകൾ നൽകിയിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണുകളിൽ ഉള്ളവർ അതത് മേഖലകളിലെ സ്ഥിതി ബന്ധപ്പെട്ട ഓഫീസുകളെ അറിയിക്കണം.
സാമൂഹ്യ അകലം ഉൾപ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും എയർ ഇന്ത്യ ഓഫീസുകൾ പ്രവർത്തിക്കുക. ഏതെങ്കിലും തരത്തിൽ രോഗങ്ങൾ ഉള്ളവർ, ഗർഭിണികൾ, കണ്ടെയ്ൻമെന്റ് സോണുകളിൽ താമസിക്കുന്നവർ എന്നീ വിഭാഗത്തിലെ ജീവനക്കാർക്ക് വർക്ക് അറ്റ് ഹോമും പരിഗണിക്കും.
ശമ്പളമില്ലാതെ ചില ജീവനക്കാരെ അവധിയിൽ അയയ്ക്കാൻ ആവശ്യമായ നടപടികൾ തുടങ്ങിയതായി മറ്റൊരു ഉത്തരവിൽ നേരത്തെ എയർ ഇന്ത്യ വ്യക്തമാക്കിയിരുന്നു. ആറ് മാസമോ രണ്ട് വർഷമോ വരെ ഇത് നീളാം. ചിലപ്പോൾ അഞ്ച് വർഷം വരെയോ നീട്ടാം. വ്യക്തിപരമായി കാരണങ്ങളാൽ ജീവനക്കാർക്ക് ഈ രീതി തിരഞ്ഞെടുക്കാനും അവസരം നൽകും. കമ്പനിയിലെ സ്ഥിരം ജോലിക്കാർക്കാണ് ഇത് ബാധകമാവുക.