ജയ്പൂർ: കോൺഗ്രസ് എം.എൽ.എമാരെ സച്ചിൻ പെെലറ്റ് ഹോട്ടലിൽ ബന്ദികളാക്കി വച്ചിരിക്കുകയാണെന്ന് ആരോപണവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ഹരിയാനയിലെ ഐ.ടി.സി ഗ്രാൻഡ് ഹോട്ടലിലാണ് എം.എൽ.എമാരെ ബന്ദികളാക്കിവച്ചിരിക്കുന്നതെന്നാണ് ഗെലോട്ട് പറയുന്നത്. തനിക്കൊപ്പം നൂറിലധികം എം.എൽ.എമാരുണ്ടെന്ന് കഴിഞ്ഞ ദിവസം അശോക് ഗെലോട്ട് പറഞ്ഞിരുന്നു. അതേസമയം ആർക്ക് വേണമെങ്കിലും കോൺഗ്രസിലേക്ക് തിരികെ വരാം. സാധാരണ പ്രവർത്തകനൊ എം.എൽ.എയോ മന്ത്രിയോ ആണെങ്കിൽ പോലും ഏല്ലാവർക്കും വേണ്ടി കോൺഗ്രസിന്റെ വാതിലുകൾ തുറന്നു കിടക്കുമെന്നും അശോക് ഗെലോട്ട് പറഞ്ഞു.
കോൺഗ്രസിന്റെ വാതിലുകൾ സച്ചിൻ പെെലറ്റിനായി എപ്പോഴും തുറന്നു കിടക്കുമെന്ന് കോൺഗ്രസ് ദേശീയ വക്താവ് രൺദീപ് സിംഗ് സുർജേവാല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെ ഉദ്ധരിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അശോക് ഗെലോട്ട്. സച്ചിൻ പെെലറ്റിന്റെ പദ്ധതി പരാജയപ്പെട്ടുവെന്നും ഒരു എം.എൽ.എ പോലും ബി.ജെ.പിയിലേക്ക് മാറാൻ തയ്യാറായില്ലെന്നും അശോക് ഗെലോട്ട് പറഞ്ഞു. ബി.ജെ.പിയുമായി ചേർന്ന് സ്വയം പാർട്ടി രൂപീകരിക്കാനുളള ശ്രമത്തിനിടെയാണ് തിരിച്ചടിയേറ്റതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്നെ അപമാനിക്കാനായി സർക്കാർ നിർദേശ പ്രകാരമാണ് എസ്.ഒ.ജി നോട്ടീസ് നൽകിയതെന്ന സച്ചിൻ പെെലറ്റിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു ഗെലോട്ട്.