
വാഷിംഗ്ടൺ: ദക്ഷിണ ചൈനാക്കടലിലെ ചെെനയുടെ കടന്നുകയറ്റം തടയുന്ന രാജ്യങ്ങൾക്ക് പിന്തുണ നൽകാൻ സാദ്ധ്യമായ വഴികൾ തേടുമെന്ന് അമേരിക്ക. ഇവിടെ ചൈന തങ്ങളുടെ പരമാധികാരം ലംഘിച്ചുവെന്ന് വിശ്വസിക്കുന്ന നിരവധി രാജ്യങ്ങളാണുളളത്. ഇത്തരം രാജ്യങ്ങളെ സഹായിക്കാൻ ലഭ്യമായ എല്ലാ ഉപാധികളും അമേരിക്ക ഉപയോഗിക്കുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.
"ചൈന അവരുടെ നിയമപരമായ പ്രാദേശിക അതിർത്തികളും സമുദ്ര അതിർത്തികളും ലംഘിച്ചുവെന്ന് കരുതുന്ന മറ്റു രാജ്യങ്ങളെ ഞങ്ങൾ പിന്തുണയ്‌ക്കും, ലഭ്യമായ എല്ലാ ഉപകരണങ്ങളും ചെെനയ്ക്കെതിരെ പ്രയോഗിക്കും" മൈക്ക് പോംപിയോ മാദ്ധ്യമങ്ങളോട് പറഞ്ഞു.ചൈനയ്‌ക്കെതിരെ സഖ്യം കെട്ടിപ്പടുക്കുന്ന പദ്ധതി നടപ്പിലായെന്ന സൂചനയും അദ്ദേഹം നൽകി. അതോടൊപ്പം ചൈനീസ് ടെലികോം കമ്പനിയായ ഹുവായിക്ക് ലണ്ടനിൽ നിരോധനം ഏർപ്പെടുത്തിയതിനെയും പോംപിയോ സ്വാഗതം ചെയ്തു. ഹുവായ് കമ്പനിയെ ചെെന ചാരപ്രവർത്തിക്കായി ഉപയോഗിക്കാമെന്നതിന്റെ അടിസ്ഥാനത്തിൽ ഹുവാവേയുടെ സാങ്കേതികവിദ്യ തടയാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങൾ തുടരുകയാണ്.
ദക്ഷിണ ചൈനാക്കടലിൽ കടന്നു കയറുന്ന ചൈനീസ് ഉദ്യോഗസ്ഥർക്കും സ്ഥാപനങ്ങൾക്കുമെതിരെ ഉപരോധം തീർത്ത് വാഷിംഗ്ടണിന് പ്രതികരിക്കാമെന്ന് പറഞ്ഞ് ഇതിനകം തന്നെ ട്രംപ് ഭരണകൂടം ചെെനയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ദക്ഷിണ ചൈനാക്കടലിൽ അമേരിക്കയുടെ ഇടപെടലും ഉപരോധ ഭീഷണിയും പ്രശ്‌നത്തെ വലുതാക്കുന്നതിനും മേഖലയെ അസ്ഥിരപ്പെടുത്തുന്നതിനും കാരണമാകുമെന്നും ചെെന പ്രതികരിച്ചു.