vaccine-

മോസ്‌കോ : കൊവിഡിനെതിരെ റഷ്യ വികസിപ്പിച്ച വാക്‌സിന്റെ മനുഷ്യരിലുള്ള പരീക്ഷണം വിജയകരമെന്ന് റിപ്പോര്‍ട്ട്. ക്‌ളിനിക്കല്‍ ടെസ്റ്റിനായി തിരഞ്ഞെടുത്ത വോളന്റിയര്‍മാരെ ഇന്ന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് ഇവരെ ആശുപത്രിയില്‍ നിന്നും വിട്ടയച്ചത്. ക്ലിനിക്കല്‍ പരീക്ഷണം വിജയകരമായി നടത്തിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയമാണ് ലോകത്തിനെ അറിയിച്ചത്. ദേശീയ ഗവേഷണ കേന്ദ്രവുമായി ചേര്‍ന്നാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയം വാക്‌സിന്‍ വികസിപ്പിക്കുന്നതിനായുള്ള പരീക്ഷണങ്ങള്‍ നടത്തിയത്. സൈനിക ആശുപത്രിയില്‍ പതിനെട്ട് വോളന്റിയര്‍മാരിലാണ് വാക്‌സിന്‍ പരീക്ഷിച്ചത്.


വാക്‌സിന്‍ കുത്തിവച്ച ശേഷം നിരവധി ദിവസങ്ങളിലായി ഇവരെ പരിശോധനയക്ക് വിധേയരാക്കിയിരുന്നു, രക്തസമ്മര്‍ദ്ദം, ഹൃദയമിടിപ്പ്, ശരീര താപനിലയിലെ വ്യത്യാസങ്ങള്‍, കൂടാതെ ശരീര സ്രവങ്ങളിലുള്ള ലാബ് പരീക്ഷണങ്ങളും നടത്തിയിരുന്നു. ശരീരത്തിലെ രോഗ പ്രതിരോധത്തിലുള്ള വ്യത്യാസങ്ങളെ കുറിച്ച് പഠിക്കുന്നതിനായിട്ടാണ് ഈ ടെസ്റ്റുകള്‍ നടത്തിയത്. ഇതിന്റെ എല്ലാം ഫലങ്ങള്‍ വിശകലനം ചെയ്ത ശേഷമാണ് മനുഷ്യരിലുള്ള വാക്‌സിന്‍ പരീക്ഷണം വിജയകരമായെന്ന് റഷ്യ അവകാശപ്പെടുന്നത്. എന്നാല്‍ വാക്‌സിന്റെ ഫലപ്രാപ്തിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. വാക്‌സിന്‍ സ്വീകരിച്ചവരെ ആശുപത്രിയില്‍ നിന്നും വിട്ടയച്ചെങ്കിലും ഇവരെ ഇനിയും തുടര്‍ പരിശോധനകള്‍ക്ക് വിധേയരാക്കേണ്ടി വരും. ആദ്യ വാക്‌സിനേഷന്റെ 42മത്തെ ദിവസം ഇവരെ വീണ്ടും ആശുപത്രിയിലെത്തിച്ച് പരിശോധനയ്ക്ക് വിധേയരാക്കും.

മേയ് മാസം അവസാനമാണ് റഷ്യന്‍ പ്രതിരോധ വിഭാഗവും കൊവിഡിനെതിരെയുള്ള വാക്‌സിന്‍ വികസിപ്പിക്കുവാനുള്ള പ്രവര്‍ത്തനം ആരംഭിക്കുന്നതായി അറിയിച്ചത്. മോസ്‌കോയിലെ ഗമാലേയ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞര്‍ക്കൊപ്പം റഷ്യന്‍ സായുധ സേനയും സംയുക്തമായി വാക്‌സിന്‍ വികസിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയായിരുന്നു. കഴിഞ്ഞ മാസം പതിനാറിനാണ് ക്‌ളിനിക്കല്‍ പരീക്ഷണങ്ങള്‍ക്കായി റഷ്യന്‍ ആരോഗ്യ മന്ത്രാലയം അനുമതി നല്‍കിയത്. ഇതേ തുടര്‍ന്നാണ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചത്.