
കഥകളിലും കവിതകളിലും കാൽപ്പനികതകളിലും ആകാശത്ത് വലിയ വട്ടത്തിൽ വെളുത്തുതുടുത്ത് നിന്നിരുന്ന അമ്പിളിയമ്മാവനെ മനുഷ്യൻ പോയി തൊട്ടുതലോടി വന്നിട്ട് ഈ മാസം 20ന് 51 വയസ്. ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ പദവി നീൽ ആംസ്ട്രോംഗിനും രണ്ടാമത്തെ വ്യക്തിയെന്ന പദവി ബസ് ആൽഡ്രിനും സ്വന്തമാക്കിയപ്പോൾ, മൂന്നാമനാകേണ്ടിവന്നതിനാൽമാത്രം പൊതുവിജ്ഞാനപുസ്തകങ്ങളിൽ പലപ്പോഴും പേരില്ലാതെ വന്ന, വിസ്മൃതിയിലേക്ക് മറഞ്ഞ മനുഷ്യനെക്കുറിച്ചാണ് ഈ കുറിപ്പ്. മൈക്കൽ കോളിൻസിനെക്കുറിച്ച്.....
1969 ജൂലായ് 20 അമേരിക്കൻ സമയം രാത്രി 8.17. ഇന്ത്യയിൽ ജൂലായ് 21 പുലർച്ചെ 1.47. "പ്രശാന്തിയുടെ തീര"ത്ത് നീൽ ആംസ്ട്രോംഗ് ഇറങ്ങി.. ആൽഡ്രിൻ രണ്ടാമതും. കോളിൻസ് ഇറങ്ങിയില്ല. പകരം പേടകവുമായി ചന്ദ്രനെ ചുറ്റി വന്ന് കാത്തിരുന്നു. അതൊരു ഒന്നൊന്നര കാത്തിരിപ്പായിരുന്നുവെന്ന് പലതവണ പറഞ്ഞിട്ടുണ്ട് കോളിൻസ്. രണ്ടരലക്ഷം മൈലുകൾ അകലെ മനുഷ്യൻ അന്നേവരെ അനുഭവിച്ചിട്ടില്ലാത്ത ഏകാന്തമായ കാത്തിരിപ്പ്. കൂടെയുണ്ടായിരുന്ന രണ്ടുപേർ ചരിത്രത്തിലേക്കാണ് ഇറങ്ങിനടന്നത്. തിരിച്ചുവന്നാൽ അവർ ലോകം കാത്തിരിക്കുന്ന താരങ്ങളാണ്.. വന്നില്ലെങ്കിൽ താനും. ചാന്ദ്രദൗത്യത്തിൽനിന്ന് ജീവനോടെ തിരികെവന്ന ആദ്യത്തെയാൾ! എങ്കിലും രണ്ടുപേരെ മരണത്തിലേക്ക് ഇറക്കിവിട്ട് തിരിച്ചുവന്നയാൾ എന്ന ഖ്യാതിയുടെ ഭീതിയാണ് പേടകത്തിൽ ഇരുന്ന രണ്ടരമണിക്കൂറും തന്നെ കാർന്നുതിന്നതെന്നും കോളിൻസ് പിന്നീട് എഴുതിയിട്ടുണ്ട്.
എന്നാൽ, നാസയുടെ ചരിത്രദൗത്യത്തിലെ രണ്ടുപേർ ചന്ദ്രോപരിതലത്തിന്റെ ശാന്തതയിൽ ഒടുങ്ങിയെന്ന സന്ദേശം വായിക്കാനുള്ള ദുര്യോഗം റിച്ചാർഡ് നിക്സണ് ഉണ്ടായില്ല. അവർ തിരികെവന്നു. പ്രതീക്ഷിക്കപ്പെട്ടപോലെ അവർ ഭൂമിയിലെ താരങ്ങളായി. തൊട്ടടുത്തെയിട്ടും ചന്ദ്രനിൽ ഇറങ്ങാൻ കഴിയാതെപോയ കോളിൻസ് മൂന്നാമനായി. എന്നാൽ, ഒന്നും രണ്ടും സ്ഥാനക്കാർക്ക് പിന്നീട്, പ്രശസ്തിയെ ഭയന്ന് ജീവിക്കേണ്ടിവന്നപ്പോൾ മൂന്നാമൻ തന്റെ കുടുംബത്തോടൊപ്പം പ്രശസ്തിയുടെ ഭാരമില്ലാതെ ജീവിച്ചു. ആംസ്ട്രോംഗ് ആളുകളിൽനിന്ന് അകന്ന് സ്വയം ഒറ്റപ്പെട്ടു. ആൽഡ്രിൻ കടുത്ത മദ്യപാനിയായി മാറി. കോളിൻസാകട്ടെ, സമാധാനത്തോടെ പലപ്പോഴും ആരാലും ഓർമ്മിക്കപ്പെടാതെ ജീവിച്ചു.
♦
ചന്ദ്രനിലെ മുഴുവൻ ഏകാന്തതയും കൊണ്ടാണ് ആംസ്ട്രോംഗ് ഭൂമിയിൽ തിരിച്ചെത്തിയത്. ആൾക്കൂട്ടങ്ങളും ശബ്ദങ്ങളും എന്തിന് ആദരവിന്റെ പൂച്ചെണ്ടുകൾ പോലും അയാൾക്ക് അസഹനീയമായിരുന്നു. അയാളെ കാണാനായി മാത്രം ജനക്കൂട്ടം മണിക്കൂറുകൾ കാത്തുനിന്നപ്പോൾ അയാൾ അതിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി. ബഹുനിലക്കെട്ടിടത്തിന്റെ മുകളിലേക്ക് ആംസ്ട്രോംഗിനെ കാണാനായി മാത്രം ഒരാൾ വലിഞ്ഞുകയറിയ സംഭവം അവയിൽ ഒന്നുമാത്രം. ആ പ്രശസ്തിയുടെ ഭാരം താങ്ങാനാകാതെ അയാൾ പതിയെ വിഷാദരോഗത്തിന് അടിപ്പെട്ടു. ക്ഷണിക്കപ്പെടുന്ന പരിപാടികൾ ഒഴിവാക്കി, സെമിനാറുകളിലും ക്ലാസുകളിലും പങ്കെടുക്കാതായി....അങ്ങനെയങ്ങനെ ഒന്നാമന്റെ ഭാരംകൊണ്ട് അയാൾ ആകെമൊത്തം വീർപ്പുമുട്ടി. വിവാഹജീവിതംപോലും ഭാരമായിത്തോന്നിയ അയാൾ ബന്ധം വേർപെടുത്തി.
♦
പിന്നീട് ആസ്ട്രോംഗിന്റെ പേര് വിളിച്ചിടത്തൊക്കെ അയാളുടെ അഭാവത്തിൽ രണ്ടാമനായ ആൽഡ്രിൻ പകരക്കാരനായി. പക്ഷേ പകരക്കാരനാകുന്ന അവസ്ഥയിൽനിന്നും രണ്ടാമനെന്ന സ്ഥാനപ്പേരിൽനിന്നും ആൽഡ്രിൻ മോചനം ആഗ്രഹിച്ചെങ്കിലും അയാൾക്ക് പിന്നീട് അതിന് കഴിഞ്ഞതേയില്ല. ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമനെന്ന് നിരന്തരം അയാൾ വിശേഷിപ്പിക്കപ്പെട്ടു. നീൽ ആംസ്ട്രോംഗിന് പിന്നാലെ......ആ അനൗൺസ്മെന്റുകൾ അയാളെ നിരന്തരം അസ്വസ്ഥനാക്കി. രണ്ടാംസ്ഥാനത്തെത്തന്നെ വെറുത്ത് ആൽഡ്രിനും ഒടുവിൽ വിഷാദരോഗത്തിന്റെ വഴിയിലേക്ക് നടന്നിറങ്ങി. വിവാഹബന്ധത്തിൽനിന്ന് യാത്രപറഞ്ഞു പോയി.
♦
പക്ഷേ കോളിൻസ്, ഒന്നാമന്റെയും രണ്ടാമന്റെയും ഭാരമില്ലാതെ മൂന്നാമനായിത്തന്നെ അയാൾ ജീവിച്ചു. പലപ്പോഴും ആൾക്കൂട്ടത്തിൽ ആരാലും തിരിച്ചറിയപ്പെടാതെ ഇറങ്ങിനടന്നു. കുടുംബത്തോടൊപ്പം പാർട്ടികളിൽ പങ്കെടുക്കുകയും ആഘോഷിക്കുകയും ചെയ്തു. സെമിനാറുകളും പ്രസംഗങ്ങളുമായി പിൽകാലം ആസ്വദിച്ചു. ഇപ്പോൾ 90 വയസുള്ള അദ്ദേഹം, ഈ പ്രായത്തിലും സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പുതുതലമുറയോട് നിരന്തരം സംവദിക്കുന്നു...
അതെ മൈക്കൽ കോളിൻസ് മൂന്നാമനായിരുന്നു....പ്രതീക്ഷകളുടെ ഭാരമില്ലാത്ത മൂന്നാമൻ
ആ യാത്ര പിറന്നത്....(ബോക്സ്)
ശീതയുദ്ധം കൊടുമ്പിരിക്കൊണ്ട കാലത്ത് അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിൽ നടത്തിയ ബഹിരാകാശ ഗവേഷണ യുദ്ധമാണ് മനുഷ്യനെ ചന്ദ്രനിലെത്തിച്ചത് എന്ന് പറയാം. ആദ്യ ഉപഗ്രഹവും ആദ്യമായി മനുഷ്യനെ ചന്ദ്രനിലെത്തിക്കുകയും ചെയ്ത് സോവിയറ്റ് യൂണിയൻ ചരിത്രം കുറിച്ചപ്പോൾ അമേരിക്ക നിരാശയിലാണ്ടു. ഈ നിരാശയ്ക്കൊടുവിൽ നടത്തിയ വൻ പരിശ്രമങ്ങളാണ് അമേരിക്കൻ പതാക ചന്ദ്രനിലെത്തിച്ചത്. 1967 ലെ അപ്പോളോ 1 ദൗത്യത്തിന്റെ പരാജയത്തിൽ മൂന്നു ബഹിരാകാശ സഞ്ചാരികൾ വെന്തുമരിച്ചു. പക്ഷേ ഇതിന് ശേഷം നടത്തിയ ദൗത്യങ്ങളിൽ ഏറെയും വിജയമായി. ഇതിനെത്തുടർന്നാണ് 1969 ജൂലായ് 16 ന് ഫ്ളോറിഡയിലെ കേപ് കാനവർ വിക്ഷേപണത്തറയിൽ നിന്ന് സാറ്റേൺ 5 റോക്കറ്റ് ലൂണാർ മൊഡ്യൂളിനെയും വഹിച്ച് കൊണ്ട് ഉയർന്നത്. നീൽ ആംസ്ട്രോംഗ്, എഡ്വിൻ ബസ് ആൽഡ്രിൻ, മൈക്കൽ കോളിൻസ് എന്നിവർക്കായിരുന്നു ആ ഭാഗ്യദൗത്യത്തിന്റെ ചുമതല. ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ശേഷം കൊളംബിയ എന്ന കമാൻഡ് മൊഡ്യൂളിൽ നിന്ന് വേർപെട്ട് ഈഗിൾ എന്ന ലാൻഡർ ചന്ദ്രോപരിതലത്തിലിറങ്ങി. ജൂലായ് 20ന് ചന്ദ്രനിലിറങ്ങിയ നീൽ ആംസ്ട്രോംഗും ബസ് ആൽഡ്രിനും പരീക്ഷണങ്ങൾ നടത്തുമ്പോൾ മൈക്കൽ കോളിൻസ് കമാൻഡ് മൊഡ്യൂളിൽ ചന്ദ്രനെ ചുറ്റി. നാല് ദിവസം കൊണ്ട് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് അവർ തിരിച്ചെത്തി.