pic

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ 43-ാം വാർഷിക ജനറൽ മീറ്റിംഗിലാണ് നൂതന സാങ്കേതിക ഉപകരണമായ ജിയോ ഗ്ലാസ് റിലയൻസ് അവതരിപ്പിച്ചത്. കൊവിഡ്19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസിലൂടെയാണ് ഇത്തവണ മീറ്റിംഗ് സംഘടിപ്പിച്ചത്.മിക്സഡ് റിയാലിറ്റി അടിസ്ഥാനമാക്കിയുള്ള ഹോളോഗ്രാഫിക് ലെൻസ് ആണ് ജിയോ ഗ്ലാസിൽ ഉപയോഗിച്ചിരിക്കുന്നത്.കോൺഫറൻസ് വീഡിയോ കോൾ, പ്രസന്റേഷനുകൾ പങ്കുവെക്കുക തുടങ്ങി നിരവധി കാര്യങ്ങൾ ജിയോ ഗ്ലാസിലൂടെ സാദ്ധ്യമാണ്. ജിയോഗ്ലാസിൽ പ്ലാസ്റ്റിക്കിൽ നിർമിതമായ ഫ്രെയിം ആണ് കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ട് ലെൻസുകളുടെയും നടുവിലായി ഒരു ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്.

ലെൻസുകൾക്ക് പുറകിലായാണ് മിക്സഡ് റിയാലിറ്റി സംവിധാനങ്ങൾ ഒരുക്കുന്ന സാങ്കേതിക സൗകര്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗ്ലാസിന് രണ്ട് സ്പീക്കറുകളാണുളളത്. 75 ഗ്രാം ആണ് ജിയോ ഗ്ലാസിന്റെ ഭാരം. ഇതിനൊപ്പം ലഭിക്കുന്ന കേബിൾ ഉപയോഗിച്ച് കമ്പനി പുതുതായി പുറത്തിറക്കിയ എം.ആർ ഗ്ലാസുകളുമായി ബന്ധിപ്പിക്കാം. അതോടൊപ്പം സ്മാർട്ഫോണുമായി ബന്ധിപ്പിച്ച് ഇന്റർനെറ്റ് ഉപയോഗിക്കുകയും ചെയ്യാം.എല്ലാ തരം ശബ്ദ ഫോർമാറ്റുകളും ജിയോ ഗ്ലാസ് പിന്തുണയ്ക്കും. എച്ച്ഡി ഗുണമേന്മയിലുള്ള വീഡിയോയും ഓഡിയോയും ഇതിൽ കേൾക്കാനാകും.നിലവിൽ 25 ആപ്ലിക്കേഷനുകളാണ് ജിയോ ഗ്ലാസിൽ ലഭ്യമായുളളത്.

ജിയോ ഗ്ലാസിലൂടെ ഹോളോ ഗ്രാഫിക് വീഡിയോ കോൾ ചെയ്യാനാകും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇതുവഴി ഫോൺ വിളിക്കുന്നയാൾക്ക് അയാളുടെ ത്രിമാന രൂപത്തിൽ സുഹൃത്തുക്കളോട് സംസാരിക്കാനാവും. ഇതിൽ ശബ്ദനിർദേശങ്ങളിലൂടെയും ഫോൺവിളിക്കാൻ സാദ്ധിക്കും. ഇതിനായി അലെക്സ, ഗൂഗിൾ അസിസ്റ്റന്റ് പോലുള്ള വിർച്വൽ അസിസ്റ്റന്റ് സംവിധാനമാണ് ജിയോ ഉപയോഗിച്ചിരിക്കുന്നത്. ജിയോ ഗ്ലാസ് ഉപയോഗിച്ച് വിർച്വൽ ക്ലാസുകൾ നടത്താനും സാദ്ധിക്കും.അതേസമയം ജിയോ ഗ്ലാസിന്റെ വില എത്രയാണെന്നോ എന്ന് മുതൽ വിൽപന ആരംഭിക്കുമെന്നോ ഇതിന്റെ ബാറ്ററി സംബന്ധിച്ച മറ്റു വിവരങ്ങളോ കമ്പനി പുറത്തുവിട്ടിട്ടില്ല.