മുംബയ്: മുംബയിൽ പെയ്ത മഴയിൽ തന്റെ ബാല്യകാല ഓർമ്മകളിൽ നനയുകയാണ് ക്രിക്കറ്റ് ദൈവമെന്ന് അറിയപ്പെടുന്ന സച്ചിൻ ടെൻഡുൽക്കർ. സച്ചിൻ മഴ നനയുന്ന ദൃശ്യങ്ങൾ മകൾ സാറാ ടെൻഡുൽക്കറാണ് പകർത്തിയത്. പിന്നാലെ താരം തന്നെ ഇത് സോഷ്യൽ മീഡിയായിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
വീഡിയോ പങ്കുവച്ച് കൊണ്ട് സച്ചിൻ ഇങ്ങനെ കുറിച്ചു. "എന്റെ പ്രിയപ്പെട്ട ക്യാമറവുമൺ സാറാ ടെൻഡുൽക്കർ ജീവിതത്തിലെ ചില സന്തോഷ നിമിഷങ്ങൾ ക്യാമറയിൽ പകർത്തി. മുംബയിലെ ഈ മഴത്തുളളികൾ എപ്പോഴും എന്റെ ബാല്യകാല ഓർമ്മകളെ തിരികെ കൊണ്ട് വരുന്നു."
മഴ നനയുന്ന സച്ചിന്റെ വീഡിയോ ചിത്രീകരിക്കുന്നതിനിടയിൽ സാറാ ടെൻഡുൽക്കർ പറയുന്നത് കേൾക്കാം "സച്ചിന്റെ ഉളളിൽ കുട്ടിത്ത്വം ഇപ്പോഴുമുണ്ട്. അതിനാലാണ് മഴ നനയുന്നത്." സച്ചിൻ പങ്കുവച്ച വീഡിയോ നിമിഷങ്ങൾക്കുളളിൽ തന്നെ ആരാധകർ ഏറ്റെടുത്തു. അതേസമയം മുംബയിൽ ശക്തമായ മഴയെ തുടർന്ന് ബുധനാഴ്ച കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരുന്നു.