ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ഡ്യൂട്ടിയിൽ ഏർപ്പെടുന്ന ഡോക്ടർമാർക്ക് റെഡ് അലർട്ട് നൽകി ഐ.എം.എ. ഡോക്ടർമാരും മറ്റു ആരോഗ്യ പ്രവർത്തകരും അതീവ ജാഗ്രത പാലിക്കണമെന്നാണ് ഐ.എം.എയുടെ നിർദേശം. രോഗം വരാതിരിക്കാനുളള നടപടികൾ സ്വീകരിക്കാനും സുരക്ഷാ ക്രമീകരണങ്ങൾ കർശനമായി പാലിക്കണമെന്നും ഐ.എം.എയുടെ നിർദേശത്തിൽ പറയുന്നു.
ഐ.എം.എയുടെ കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 1302 ഡോക്ടർമാർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ നിന്നും 99 ഡോക്ടർമാരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഡോക്ടർമാരിൽ 73 പേർ 50 വയസ്സിനു മുകളിലുള്ളവരാണ്. 19 പേർ 35-50 വയസ്സിനിടയിലുള്ളവരുമാണ്. ഡോക്ടർമാരിൽ അപകടത്തിൽപ്പെടുന്നവരിൽ ഭൂരിഭാഗവും ജനറൽ പ്രാക്ടീഷണർമാരാണ്. ഇവർക്ക് പ്രത്യേകമായി ശാസ്ത്രീയമായ രീതിയിലുളള സുരക്ഷ ഉറപ്പാക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു. കൊവിഡ് രോഗികളെ ചികിത്സിയ്ക്കുന്ന ഡോക്ടർമാരും മറ്റു കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും ശക്തമായ മുൻകരുതൽ നടപടികൾ കെെക്കൊളളണമെന്നും ഐ.എം.എയുടെ നിർദേശത്തിൽ പറയുന്നു.