തിരുവനന്തപുരം: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. ജുവലറികളിൽ വിൽക്കാൻ വേണ്ടിയാണ് ദുബായിൽ നിന്ന് സ്വർണം എത്തിച്ചതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ. എട്ട് കോടി രൂപയാണ് സ്വർണക്കടത്തിനായി പ്രതികൾ സമാഹരിച്ചത്.
പ്രതികളായ റമീസും, ജലാലും, സന്ദീപും, ഹംജദ് അലിയും ചേർന്നാണ് പണം സമാഹരിച്ചത്. ജലാലാണ് ജുവലറികളുമായി കരാറുണ്ടാക്കിയത്. ഇടനിലക്കാരായ സ്വപ്നയ്ക്കും സരിത്തിനും ഏഴ് ലക്ഷം രൂപയാണ് കമ്മീഷൻ. ഇരുവർക്കുമെതിരെ എൻഫോഴ്സ്മെന്റ് കേസെടുത്തു.
കേസുമായി ബന്ധപ്പെട്ട് മലപ്പുറത്തെ ജുവലറി ഉടമ കൂടി കസ്റ്റഡിയിലായെന്ന് സൂചന. രണ്ട് പേരുടെ കൂടി അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തി. പണം മുടക്കിയ മഞ്ചേരി സ്വദേശി അൻവറിന്റെയും, വേങ്ങര സ്വദേശി സെയ്തലവിയുടെയും അറസ്റ്റാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞദിവസം ഇവരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. കൂടുതൽ അറസ്റ്റുകൾ ഇന്നുണ്ടായേക്കുമെന്നാണ് സൂചന.
അതേസമയം, പ്രതിയായ സന്ദീപ് നായരിൽ നിന്ന് പിടിച്ചെടുത്ത രഹസ്യ ബാഗ് ഇന്നലെ തുറന്നു പരിശോധിച്ചു. കള്ളക്കടത്തുമായി ബന്ധപ്പെട്ട ചില രേഖകൾ ലഭിച്ചതായി സൂചനയുണ്ടെങ്കിലും വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ഇന്നലെ വൈകിട്ട് നാലു മണിയോടെ തുറന്ന ബാഗിന്റെ പരിശോധനാ നടപടികൾ രാത്രി ഏഴരയോടെയാണ് പൂർത്തിയായത്. കഴിഞ്ഞ ദിവസം തന്നെ ബാഗ് തുറന്നു പരിശോധിക്കണമെന്ന ആവശ്യവുമായി എൻ.ഐ.എ സംഘം കൊച്ചിയിലെ പ്രത്യേക എൻ.ഐ.എ കോടതിയിൽ അപേക്ഷ നൽകിയിരുന്നു.